ഉടച്ചുവാര്‍ക്കലിന്റെ പാതയില്‍ കോണ്‍ഗ്രസ്; സംസ്ഥാനങ്ങളിലെ നേതാക്കളെ മാറ്റുന്നു

ന്യൂഡല്‍ഹി| JOYS JOY| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (12:35 IST)
പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളെ മാറ്റാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളെ മാറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ഏപ്രിലില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തിനു മുമ്പായി സ്ഥാനമാറ്റങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഞായറാഴ്ച മധ്യപ്രദേശ് കോണ്‍ഗ്രസ് തലവന്‍ അര്‍ജുന്‍ മോഡ്‌വാഡിയ സ്ഥാനം രാജിവെക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് നേതാവുമായ ഭാരതി സിംഗ് സോളങ്കി ആയിരിക്കും മധ്യപ്രദേശില്‍ ഇനിമുതല്‍ കോണ്‍ഗ്രസിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നോക്ക വിഭാഗക്കാരനായ സോളങ്കി മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ മകനാണ്. കൂടാതെ, നിരവധി തവണ എം എല്‍ എയും ആയിട്ടുണ്ട്.

ഇതോടൊപ്പം ഡല്‍ഹിയിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ആയ അരവിന്ദ് സിംഗ് ലവ്‌ലിക്ക് പകരം അജയ് മാക്കന്‍ എത്തിയേക്കും എന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിച്ചത് അജയ് മാക്കന്‍ ആയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.

ഒപ്പം, തെലങ്കാന, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് നേതൃമാറ്റം ഉണ്ടായേക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രസിഡന്റെ പൊന്നാല ലക്ഷ്‌മ്യായ്ക്ക് പകരം ഉത്തം കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് നേതാവ് ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :