ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു

അഹമ്മദാബാദ്| Last Updated: ശനി, 3 ജനുവരി 2015 (10:48 IST)
അഹമ്മദാബാദ്: ഗുജറാത്തിന്റെ തീരദേശത്ത് പ്രത്യക്ഷപ്പെട്ട പാക് ബോട്ട് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഗുജറാത്ത് തീരത്ത് ആയുധവുമായി എത്തിയ പാക് ബോട്ട് കടലില്‍ വെച്ചു തന്നെ കത്തിയിരുന്നു. ആയുധങ്ങളുമായി എത്തിയ ബോട്ട് സൈന്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന സാഹചര്യം എത്തിയപ്പോള്‍ കടലില്‍ വെച്ചു തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.

പാകിസ്ഥാനില്‍ നിന്ന് മൂന്നു ബോട്ടുകള്‍ ഗുജറാത്ത് തീരത്തേക്ക് എത്തിയതായാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ ഉള്‍പ്പെട്ട ഒരു ബോട്ടാണ് കഴിഞ്ഞദിവസം കടലില്‍ വെച്ച് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ ബോട്ട് ആണ് ഇന്ന് സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. സൈന്യം പിടിച്ചെടുക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബോട്ട് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൈന്യം അത് തടയുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സൈന്യം ബോട്ടില്‍ കയറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനില്‍ നിന്ന് മൂന്നു ബോട്ടുകള്‍ ഗുജറാത്ത് തീരത്തേക്ക് എത്തിയതായി കഴിഞ്ഞദിവസമാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചത്‍. കറാച്ചിയില്‍ നിന്നുള്ള ഫോണ്‍കോള്‍ ആണ് ഇന്റലിജന്‍സിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്കിയത്.

കടലില്‍ വെച്ചു കത്തിയ ബോട്ടില്‍ ഉള്ളതു പോലെ സമാനമായ
ആയുധങ്ങള്‍ ആണ് മറ്റു രണ്ടു ബോട്ടുകളിലും ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കു നല്കുന്നതിനു വേണ്ടിയാണ് ഈ ആയുധങ്ങള്‍ ഗുജറാത്ത് തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച്
ഇന്ത്യന്‍ തീരസംരക്ഷണ സേന അന്വേഷണം നടത്തിവരികയാണ്.

മുംബൈ ഭീകരാക്രമണത്തിനു ശേഷം കടല്‍ കടന്നുള്ള തീവ്രവാദം ഇന്ത്യയ്ക്ക് ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :