ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും പരസ്പര പങ്കാളികളാണെന്നും വിദേശകാര്യമന്ത്രി എസ് എം കൃഷ്‌ണ പറഞ്ഞു. ഫുക്കറ്റില്‍ ചൈനീസ് വിദേശകാര്യമന്ത്രി യാങ് ജിയെച്ചിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ.
സാമ്പത്തിക വാണിജ്യ മേഖലകളില്‍ പരസ്പരം മല്‍സരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതയില്ല. ഇരു രാജ്യങ്ങള്‍ക്കും വളരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും എസ് എം കൃഷ്‌ണ പറഞ്ഞു. ഇന്ത്യ - ആസിയാന്‍ മന്ത്രിതല യോഗത്തിനായി തായ് ഐലന്‍ഡ് റിസോര്‍ട്ടിലെത്തിയതാണ് കൃഷ്ണ.
യാംഗുമായുള്ള ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് കൃഷ്ണ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലയിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത തങ്ങള്‍ പരസ്പരം പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനം രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ ചൈനീസ് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് ആ രാജ്യം കാണുന്നതെന്നും എസ് എം കൃഷ്ണ അറിയിച്ചു.