ചൈനയില്‍ അശ്ലീല സൈറ്റുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്. ഈ വര്‍ഷമാദ്യം തുടങ്ങിയ പോരാട്ടം ശക്തമാക്കാനാണ് ചൈനീസ് ഭരണകൂടത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി കൂടുതല്‍ അശ്ലീല സൈറ്റുകള്‍ തടയാനാണ് പദ്ധതി. അശ്ലീല വീഡിയോ, ഫോട്ടൊ സൈറ്റുകള്‍ക്ക് പുറമെ അശ്ലീല സാഹിത്യ സൈറ്റുകളും നിര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. ഇന്‍റര്‍നെറ്റിന് പുറമെ മൊബൈല്‍ വഴിയുള്ള അശ്ലീലവും ശക്തമായി തടയുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രദര്‍ശനാനുമതി ഇല്ലാതെ അശ്ലീല ഓഡിയോകളും വീഡിയോകളും പ്രദര്‍ശിപ്പിച്ച പുതിയ 162 വെബ്‌സൈറ്റുകള്‍ കൂടി നിരോധിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വെളിപ്പെടുത്തി. ഇതോടനുബന്ധിച്ച് 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നിയന്ത്രണം വന്നതുമുതല്‍ ഏകദേശം രണ്ടായിരത്തോളം സൈറ്റുകള്‍ നിര്‍ത്തലാക്കിയതാണ് റിപ്പോര്‍ട്ട്.
സെല്‍ഫോണ്‍ വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈറ്റുകള്‍ക്ക് പുറമെ നിരവധി ബ്ലോഗുകള്‍ക്കും നിരോധനം ബാധകമാണ്. സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തുന്ന ബ്ലോഗുകളും സൈറ്റുകളും ഇത്തരത്തില്‍ നിയന്ത്രിക്കുന്നവയില്‍പ്പെടും. ഇത്തരത്തിലുള്ള എല്ലാ സൈറ്റുകളും സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ആഗോള ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് കഴിഞ്ഞ ആഴ്ച ചൈനയില്‍ നിരോധിച്ചിരുന്നു. അതേസമയം, രാജ്യത്ത് യൂട്യൂബ് നിരോധിക്കാനുണ്ടായ കാരണം ചൈനീസ് ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.