ഇന്ത്യയുടെ വളര്‍ച്ച 5 ശതമാനമാകും: എഡിബി

മനില| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ കനത്ത ഇടിവ് നേരിടേണ്ടി വരുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. 2009ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനമായി കുറയുമെന്നും എ ഡി ബി ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏഷ്യന്‍ രാജ്യങ്ങളുടെ മൊത്തം ശരാശരി സാമ്പത്തിക വളര്‍ച്ച 3.4 ശതമാനമായിരിക്കും. കഴിഞ്ഞ വര്‍ഷം 6.3 ശതമാനവും 2007ല്‍ 9.5 ശതമാനവും ശരാശരി സാമ്പത്തിക വളര്‍ച്ച നേടിയ സ്ഥാനത്താണിത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനമാകും.

2008ല്‍ 7.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ പ്രതിസന്ധി തീരുന്നതോടെ 2010ല്‍ ഇന്ത്യന്‍ സമ്പദ് രംഗം തിരിച്ചുവരുമെന്നും എ ഡി ബി റിപ്പോര്‍ട്ട് പ്രതീക്ഷ പുലര്‍ത്തുന്നു. ഈ സാമ്പത്തിക വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരിക്കും. എന്നാല്‍ 2010ല്‍ ഇത് എട്ടു ശതമാനമായി ഉയരും.

അടുത്ത വര്‍ഷം പകുതിയോടെ പ്രതിസന്ധിയില്‍ നിന്ന് ഭാഗികമായെങ്കിലും കരകയറാനായാല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ശരാശരി വളര്‍ച്ചാ നിരക്ക് ആറു ശതമാനത്തിലെത്താമെന്നും എ ഡി ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏഷ്യന്‍ മേഖലയിലെ കുറഞ്ഞ വളര്‍ച്ചാ നിരക്ക് 2009ല്‍ 6 കോടി ജനങ്ങളെയും 2010ഓടെ 10 കോടി ജനങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. ഇവരുടെ ശരാശരി ദിവസ വരുമാനം 1.25 ഡോളറില്‍ താഴെയായിരിക്കും.

എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാണെന്ന് എ ഡി ബി റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :