പ്രസവ ശസ്ത്രക്രിയക്കിടെ തുണി യുവതിയുടെ വയറ്റില്‍വച്ച് തുന്നി; ദാരുണാന്ത്യം

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (09:32 IST)

പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് സംഭവിച്ച അശ്രദ്ധ കാരണം യുവതിക്ക് ജീവന്‍ നഷ്ടമായി. പ്രസവ ശസ്ത്രക്രിയ (സിസേറിയന്‍) നടത്തുന്നതിനിടെ ഒരു കഷണം തുണി യുവതിയുടെ വയറ്റില്‍ ഇട്ട് ഡോക്ടര്‍ തുന്നിച്ചേര്‍ത്തു. തുണി കഷണം വയറ്റില്‍ ഇട്ടത് ഡോക്ടര്‍ അറിഞ്ഞില്ല. ലക്‌നൗവിലെ മെഡിക്കല്‍ കോളേജിലാണ് സംഭവം. തുണി വയറ്റില്‍ കിടന്നതിനെ തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായ യുവതി പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ചയാണ് മരിച്ചത്. ജനുവരി 30 നാണ് 30 കാരിയായ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഓപ്പറേഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അതിനുശേഷം വയര്‍ തുന്നിച്ചേര്‍ക്കുമ്പോഴാണ് ഒരു കഷണം തുണി വയറ്റില്‍ പെട്ടുപോയത്.

സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ യുവതി തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചു. എന്നാല്‍, വയറുവേദനയ്ക്ക് കുറവുണ്ടായില്ല. പിന്നീട് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയും വയറിനുള്ളില്‍ കണ്ടെത്തിയ തുണി ഓപ്പറേഷനിലൂടെ നീക്കം ചെയ്യുകയും ചെയ്തു. തുണി കഷ്ണം നീക്കിയ ശേഷവും യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നു. അതിനു പിന്നാലെയാണ് യുവതി മരണത്തിനു കീഴടങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :