ന്യൂഡല്‍ഹി|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (20:38 IST)
പത്ത് സംസ്‌ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന വേട്ടെടുപ്പ് സമാപിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ചൊവ്വാഴ്‌ചയാണ് വോട്ടെണ്ണല്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന് സമാനമായി ഭൂരിപക്ഷം മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവച്ച വഡോദര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പശ്‌ചിമബംഗാള്‍, അസം, സിക്കിം, രാജസ്‌ഥാന്‍, ഛത്തിസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ 22 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടന്നു.
വഡോദരയിലും വാരണാസിയിലും വിജയിച്ച നരേന്ദ്ര മോഡി വാരണാസി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വഡോദരയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
ഗുജറാത്തില്‍ വഡോദരയ്‌ക്ക് പുറമെ 9 നിയമസഭ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജി വച്ചതിനെ തുടര്‍ന്നാണ് മണിനഗറിലും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തര്‍പ്രദേശില്‍ മുലായം സിങ് രാജിവച്ച മെയിന്‍പുരി മണ്ഡലത്തിലേക്കും 11 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. യുപിയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും 60 ശതമാനത്തിന് മുകളില്‍ പോളിംഗ് രേഖപ്പെടുത്തി.
ബിഎസ്‌പി മത്സരരംഗത്ത് നിന്ന് മറി നിന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും നേരിട്ടായിരുന്നു മത്സരം. തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രാജിവച്ച മേധക് ലോക്‌സഭ മണ്ഡലത്തിലും ഇന്ന് വേട്ടെടുപ്പ് പൂര്‍ത്തിയായി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉള്‍പ്പെടെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തി.