അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (20:27 IST)
ഗാസിയാബാദ്: സ്കൂട്ടറിൽ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കൊൺസ്റ്റബിളിനെ മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ വ്ളോഗറായ യുവതി അറസ്റ്റിൽ. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിച്ചത്. അപകടത്തിന് പിന്നാലെ കാറിൽ നിന്നും പുറത്തിറങ്ങിയ ശിവാംഗി കോൺസ്റ്റബിളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇവരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജ്യോതി ശർമ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും പോലീസെത്തി ശിവാംഗിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ ബുള്ളറ്റ് റാണിയെന്ന പേരിലറിയപ്പെടുന്ന ശിവാംഗിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വീഡിയോകൾ പങ്കുവെച്ചതിന് യുവതിക്കെതിരെ നേരത്തെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനാപകടക്കേസിൽ വ്ലോഗർ പോലീസിൻ്റെ പിടിയിലായത്.