അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (20:22 IST)
ഭാര്യ ഭർത്താവിൻ്റെ ഓഫീസിലെത്തി മോശം ഭാഷയിൽ സംസാരിക്കുന്നത് വിവാഹബന്ധത്തിലെ ക്രൂരതയെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ഭർത്താവിൻ്റെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച റായ്പൂർ കുടുംബകോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കുടുംബക്കോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഭർത്താവിന് ഓഫീസിലെ സഹപ്രവർത്തകയുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് മന്ത്രിക്ക് ഭാര്യ പരാതി നൽകിയിരുന്നു. ഭർത്താവിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഭർത്താവ് മരിച്ച 34കാരിയെ 2010ൽ ആണ് 32കാരനായ ഹർജിക്കാരൻ വിവാഹം കഴിച്ചത്.
വിവാഹശേഷം യുവതി തൻ്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കാണുന്നതിനെ എതിർക്കുന്നു എന്നതുൾപ്പടെയുള്ള കാരണങ്ങളാണ് വിവാഹമോചനത്തിന് ചൂണ്ടികാട്ടിയിരുന്നത്. 2019ൽ വിവാഹമോചനം അനുവദിച്ച് കുടുംബക്കോടതി നൽകിയ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിപ്പിച്ചത്.