അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (15:06 IST)
രാജ്യത്ത് സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത നഗരം ഡൽഹിയെന്ന് കണക്കുകൾ. 2021ൽ സ്ത്രീകൾക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. 2020നെ അപേക്ഷിച്ച് 40 ശതമാനത്തിൻ്റെ വർധനവാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.
19 മെട്രോപോളിറ്റൻ നഗരങ്ങളിലായി സ്ത്രീകൾക്കെതിരെ 43,414 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 32.20 ശതമാനവും ഡൽഹിയിലാണ്. രണ്ടാം സ്ഥാനത്തുള്ള മുംബൈയിൽ 5,543 കേസുകളും മൂന്നാമതുള്ള ബെംഗളൂരുവിൽ 3,127 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ പ്രതിദിനം രണ്ടിലധികം പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്നുവെന്നാണ് കണക്കുകൾ.
2021-ൽ 136 സ്ത്രീധന മരണ കേസുകൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3948 തട്ടികൊണ്ടുപോകൽ കേസുകൾ, ഭർത്താക്കന്മാരിൽ നിന്നുള്ള ക്രൂരത(4,674) ബലാത്സംഗം (833) എന്നിങ്ങനെയാണ് തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷം നടന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ.