കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

ഇന്ന് 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

Nuns did not get bail, Nuns Arrest, Kerala Nuns Arrest, Left Group Nun Arrest issue, ഇടത് സംഘം ഛത്തീസ്ഗഡില്‍
സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 31 ജൂലൈ 2025 (10:08 IST)
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ യുഡിഎഫ് എംപിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ അനുഭാവപൂര്‍വ്വമായ നിലപാട് എടുക്കാമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് 12 മണിക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

അതേസമയം വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം നോട്ടീസ് നല്‍കും. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകള്‍ തള്ളിയിരുന്നു. ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റുചെയ്തത്. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ചൊവ്വ എത്തിയിരുന്നു.

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തെ സര്‍ക്കാരും എതിര്‍ത്തു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ഉള്ളതിനാല്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.

പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരെ രാജ്യവിരുദ്ധക്കുറ്റവും ചുമത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :