ന്യുഡല്‍ഹി|
Last Modified വെള്ളി, 16 മെയ് 2014 (14:27 IST)
പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം ചൂടിയവരും പരാജയത്തിന്റെ കയ്പ്പറിഞ്ഞവരുമായ പ്രമുഖര്‍ നിരവധി. വിജയിച്ചവരില്‍ പ്രമുഖന്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണ്. വാരാണസിയിലും വഡോദരയിലും മോഡി വന്‍ വിജയമാണ് നേടിയത്. ഗാന്ധിനഗറില്‍ എല്‍കെ അദ്വാനി 23,360 വോട്ടിന് ജയിച്ചു.
വിദീഷയില്‍ സുഷമ സ്വരാജ് വിജയിച്ചു. സുല്‍ത്താന്‍പുരില്‍ വരുണ്‍ ഗാന്ധി വിജയിച്ചു. അതേസമയം, ചാന്ദിനി ചൗക്കില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പരാജയപ്പെട്ടു. ബിജെപിയിലെ ഡോ ഹര്‍ഷവര്‍ധനാണ് ഇവിടെ വിജയിച്ചത്. അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിക്കേറ്റ പരാജയമാണ് ബിജെപിക്ക് ഉണ്ടായ ഏക തിരിച്ചടി.
ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് പരാജയപ്പെട്ടു. മത്സരിച്ച പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലം പരാജയപ്പെട്ടു. അജയ് മാക്കന്‍, സച്ചിന്‍ പൈലറ്റ്, ഫാറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ശരദ് യാദവ്, വിരപ്പ മൊയ്ലി, മുഹമ്മദ് അസറുദ്ദീന്‍, ജസ്വന്ത് സിംഗ്, സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങി പരാജയം അറിഞ്ഞത് നിരവധി പ്രമുഖരാണ്. മേധാ പട്കര്‍, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും പരാജയപ്പെട്ടു. നീലഗിരി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ ടെലികോം മന്ത്രിയുമായിരുന്ന എ രാജയും പരാജയപ്പെട്ട പ്രമുഖരില്‍പ്പെടുന്നു.