ഇന്ത്യന്‍ ചാരക്കണ്ണുകള്‍ ഇനി ആകാശത്ത് മിഴിതുറക്കും, പദ്ധതിയ്ക്ക് അംഗീകാരമായി

ബാംഗ്ലൂര്‍| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (17:01 IST)
ശത്രുരാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ ആകാശം വഴി നിരീക്ഷിക്കാന്‍ ശേഷിയുള്ള അവാക്‌സ് എയര്‍ക്രാഫ്റ്റുകള്‍
‍(എയര്‍ബോണ്‍ വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്)
തദ്ദേശീയമായി ജിര്‍മ്മിക്കാന്‍ നീക്കം തുടങ്ങി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍സ് കൗണ്‍സില്‍ പദ്ധതിക്ക് അംഗീകരം നല്‍കിയതോടെ ബംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധഗവേഷണ സ്ഥാപനം ഡിആര്‍ഡിഒ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

തുടക്കത്തില്‍ രണ്ട് അവാക്‌സ് വിമാനങ്ങള്‍ നിര്‍മിക്കാനാണ് അംഗീകാരം. എയര്‍ബസ് എ 330 വിമാനങ്ങളായിരിക്കും ആധുനിക റഡാര്‍ സംവിധാനം ഉള്‍പ്പെടുത്തി അവാക്‌സായി മാറ്റിയെടുക്കുന്നത്. പദ്ധതിക്ക് 5,113 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശത്രുരാജ്യങ്ങളിലേക്ക് പ്രവേശിക്കാതെ റഡാറിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സഹായത്തോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഇവയ്ക്ക് 400 കിലോമീറ്റര്‍ അകലെ നടക്കുന്ന ശത്രുനീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

ഇത്തരത്തിലുള്ള മൂന്ന് വിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെങ്കിലും ആദ്യമായാണ് തദ്ദേശീയമായി നിര്‍മിക്കുന്നത്. റഷ്യയുടെ ഐഎല്‍ -76 വിമാനത്തില്‍ ഇസ്രായേലിന്റെ ഫാല്‍ക്കന്‍ റഡാര്‍ ഘടിപ്പിച്ച നിരീക്ഷണ അവാക്‌സാണ് സേന ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് ഫാല്‍ക്കന്‍ അവാക്‌സ് വാങ്ങുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. നിലവില്‍ 240 ഡിഗ്രി നിരീക്ഷണ പരിധിയുള്ള മിനി അവാക്‌സ് പദ്ധതിക്ക് ഡിആര്‍ഡിഒക്ക് 2004 ഒക്ടോബറില്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം അത് പൂര്‍ത്തിയാക്കും.

പുതിയ പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ പോകുന്ന അവാക്സിലെ ആദ്യ നിരീക്ഷണ വിമാനം പുറത്തിറങ്ങാന്‍ ഏഴ് വര്‍ഷം വേണ്ടിവരുമെന്നാണ് കരുതുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകംതന്നെ അവാക്‌സ് വിമാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. 360 ഡിഗ്രി പരിധിയില്‍ നിരീക്ഷണം നടത്താനും ഭാരംകൂടിയതുമായ അവാക്‌സ് വിമാനത്തിന് കൂടുതലുയരത്തില്‍ പറക്കാനും കഴിയും. യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ കുതിപ്പ് നേരത്തെതന്നെ കണ്ടെത്താന്‍ അവാക്സ് വിമാനങ്ങള്‍ക്ക് കഴിയും.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :