ഗോവിന്ദചാമി കുറ്റം ചെയ്തിട്ടില്ല; കുറ്റക്കാരനാക്കിയത് മാധ്യമങ്ങളെന്ന് സുപ്രിം കോടതിയില്‍ അഭിഭാഷകന്‍

ഗോവിന്ദചാമി നിരപരാധി; കുടുക്കിയത് മാധ്യമങ്ങളെന്ന് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി| priyanka| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (12:35 IST)
സൗമ്യ വധക്കേസില്‍ കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗോവിന്ദചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടങ്ങി. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളുറാണ് ഗോവിന്ദചാമിക്ക് വേണ്ടി ഹാജരാകുന്നത്.

സൗമ്യയുടെ മരണം അപകടമരണായിരുന്നു. അത് മാധ്യമങ്ങള്‍ ബലാത്സംഗമായി ചിത്രീകരിച്ച് കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആളുര്‍ വാദിക്കുന്നു. മാധ്യമ വിചാരണയുടെ ഇരയായാണ് ഗോവിന്ദചാമിയെ കുടുക്കിയത്. ഒറ്റക്കയ്യന്‍ ആണ് പീഡിപ്പിച്ചതെന്ന സൗമ്യയുടെ മരണമൊഴിയാണ് കേസിലേക്ക് ഗോവിന്ദചാമിയെ വലിച്ചിഴച്ചതെന്നും കോടതിയില്‍ ആളുര്‍ വാദിച്ചു.

കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് പ്രധാനവാദങ്ങള്‍ എഴുതി നല്‍കാന്‍ ആളൂരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2011 നവംബര്‍ പതിനൊന്നിന് തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്.

വധശിക്ഷയ്ക്ക് പുറമേ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ബലാത്സംഗം, വനിതാ കംപാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തളളിയതോടെയാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :