ജോധ്പൂര്‍|
PRIYANKA|
Last Updated:
വെള്ളി, 26 ഓഗസ്റ്റ് 2016 (11:31 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിയുന്ന ആസാറാം ബാപ്പുവിന്റെ കൈയ്യില്‍ നിന്നും 4ജി സ്മാര്‍ട് ഫോണ്‍ പിടികൂടി. ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിന് ഫോണ്‍ എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല. അതിരാവിലെ ജയിലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ജയില്‍ വാര്‍ഡന്‍ ജയ്‌റാമാണ് ഫോണ്‍ കണ്ടെത്തിയത്. ജയിലിനുള്ളില്‍ വെച്ച് ഫോണില്‍ ആസാറാം ബാപ്പു ആരോടോ സംസാരിക്കുന്നത് കണ്ട ജയ്‌റാം ഫോണ്‍ പിടികൂടുകയായിരുന്നു.
വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ഇത് പുറത്താരോടും പറയരുതെന്ന് ജയ്‌റാമിന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. സംഭവം മാധ്യമങ്ങള്‍ അറിഞ്ഞതോടെ വാര്‍ത്തയായി. എന്നാല്‍ ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ ജയില്‍ അധികൃതരോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ആസാറാം ബാപ്പു ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസെടുത്തിട്ടുണ്ട്.