അഭിറാം മനോഹർ|
Last Modified ബുധന്‍, 25 മാര്‍ച്ച് 2026 (09:33 IST)
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ നടത്തുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക. ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് കണ്‍ഫേം ചെയ്ത ശേഷം 8 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ഇനി ഒരു രൂപ പോലും തിരിച്ചു ലഭിക്കില്ല. റീഫണ്ടിങ് സംബന്ധിച്ച് റെയില്‍വേ പ്രഖ്യാപിച്ച പുതിയ പ്രഖ്യാപനത്തിലാണ് ഈ മാറ്റങ്ങളുള്ളത്. ഏപ്രില്‍ 1 മുതല്‍ 15 വരെ ഘട്ടം ഘട്ടമായാകും
പുതിയ ടിക്കറ്റ് കാന്‍സലേഷന്‍-റീഫണ്ട് ചട്ടങ്ങള്‍ നടപ്പിലാക്കുക.
ടിക്കറ്റ് ഇടനിലക്കാര്‍ പീക്ക് സീസണുകളില്‍ ഒന്നിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇവ റദ്ദാക്കി ഭൂരിഭാഗം തുകയും തിരിച്ചെടുക്കുന്ന രീതി തുടര്‍ന്നു പോന്നിരുന്നു. ഈ ദുരുപയോഗം തടഞ്ഞ് യഥാര്‍ഥ യാത്രക്കാര്‍ക്ക് കണ്‍ഫേം ടിക്കറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുക്കിയ മാറ്റം.
പുതിയ റീഫണ്ട് ഘടന - ഒറ്റ നോട്ടത്തില്‍
പുതിയ നയം അനുസരിച്ച് ടിക്കറ്റ് റദ്ദാക്കല്‍ തുക, ട്രെയിന്‍ പുറപ്പെടുന്നതിന് എത്ര മുന്‍പ് റദ്ദാക്കി എന്നതിനെ ആശ്രയിച്ചിരിക്കും.
ട്രെയിന്‍ പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുന്‍പ് വരെ: പരമാവധി റീഫണ്ട് ലഭിക്കും. ഒരു ചെറിയ ഫ്‌ലാറ്റ് ചാര്‍ജ് മാത്രം നഷ്ടമാകും.
72 മുതല്‍ 24 മണിക്കൂര്‍ വരെ: 25 ശതമാനം ഫെയര്‍ നഷ്ടമാകും
24 മുതല്‍ 8 മണിക്കൂര്‍ വരെ:50 ശതമാനം ഫെയര്‍ ഈടാക്കും.
8 മണിക്കൂറിനുള്ളില്‍:മുഴുവന്‍ തുകയും നഷ്ടമാകും, മുന്‍പ് ഇത് 4 മണിക്കൂര്‍ മുന്‍പ് വരെയായിരുന്നു.
ബോര്‍ഡിംഗ് പോയന്റ് 30 മിനിറ്റ് മുൻപ് വരെ മാറ്റാം
കര്‍ശനമായ റദ്ദാക്കല്‍ ചട്ടങ്ങള്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു പരിഷ്‌കരണവും ഇതിനൊപ്പം ഉണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് വരെ ബോര്‍ഡിംഗ് സ്റ്റേഷന്‍ ഡിജിറ്റലായി മാറ്റാന്‍ ഇനി കഴിയും. നേരത്തെ ചാര്‍ട്ട് തയ്യാറാകുന്നതിന് മുന്‍പ് മാത്രമേ ഇത് സാധിച്ചിരുന്നുള്ളു. ഒന്നിലധികം റെയില്‍വേ സ്റ്റേഷനുകളുള്ള വലിയ നഗരങ്ങളിലെ യാത്രക്കാര്‍ക്ക് ഇത് വലിയ സൗകര്യമാകും.
TDR ഇല്ല, ഏത് സ്റ്റേഷനിലും കാന്‍സല്‍ ചെയ്യാം
ഇ-ടിക്കറ്റ് ഉടമകള്‍ക്ക് ഇനി Ticket Deposit Receipt (TDR) ഫയല്‍ ചെയ്യേണ്ടതില്ല. ടിക്കറ്റ് റദ്ദാക്കിയാല്‍ ഇന്‍സ്റ്റന്റ് റീഫണ്ട് പ്രോസസ് ആകും. കൗണ്ടര്‍ ടിക്കറ്റ് ഉടമകള്‍ക്ക് ആദ്യം ടിക്കറ്റ് എടുത്ത സ്റ്റേഷനില്‍ തന്നെ ചെന്ന് റദ്ദാക്കേണ്ടതില്ല, രാജ്യത്ത് ഏത് കംപ്യൂട്ടര്‍ ടിക്കറ്റ് കൗണ്ടറില്‍ ചെന്നും ഇനി ഇത് ചെയ്യാം.
ഇടനിലക്കാരുടെ ശൃംഖലയ്ക്ക് കൂടി കടിഞ്ഞാണ്‍
IRCTC സംവിധാനത്തില്‍ ഏകദേശം 3 കോടി വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്തതായും, ബോട്ടുകളും വഞ്ചന സോഫ്‌റ്റ്വെയറുകളും കണ്ടുപിടിക്കാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. ഇതോടൊപ്പം, തല്‍ക്കാല്‍ ബുക്കിംഗ് വിന്‍ഡോ ദുരുപയോഗം തടയാന്‍ ആധാര്‍ അധിഷ്ഠിത OTP വെരിഫിക്കേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.