പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വിറ്റുവെന്ന് ആരോപണം

ചണ്ഡീഗഢ്| അഭിറാം മനോഹർ| Last Modified വെള്ളി, 4 ജൂണ്‍ 2021 (16:54 IST)
ചണ്ഡീഗഢ്: പഞ്ചാബ് സംസ്ഥാന സർക്കാർ കൊവിഡ് വാക്‌സിൻ കൊള്ള ലാഭത്തിന് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നതായി ആരോപണം.
അതേസമയം സംഭവം വിവാദമായതോടെ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബി.എസ്. സിദ്ധു രംഗത്തെത്തി. തന്റെ വകുപ്പിന് വാക്‌സിനു മേല്‍ നിയന്ത്രണമില്ലെന്നും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനുകളുടെ മേൽ നിയന്ത്രണം തനിക്കല്ലെന്നും ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ബി.എസ് സിദ്ധു പറഞ്ഞു.അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കു‌ള്ളിൽ തന്നെ അസംതൃപ്‌തി നിലനിൽക്കുന്നതിനിടെയാണ് വാക്‌സിൻ വിവാദവും തലപൊക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ നാല്‍പ്പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്. ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് സർക്കാർ മറിച്ചുവിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി അന്വേഷണം വേണമെന്നും ബാദൽ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :