പൂനെ|
സജിത്ത്|
Last Modified ചൊവ്വ, 17 മെയ് 2016 (11:18 IST)
അനേകം ആളുകള്‍ നോക്കി നില്‍ക്കേ തിരക്കേറിയ നഗരത്തില്‍ വൃദ്ധന്‍ തീപിടിച്ചു മരിച്ച സംഭവം വിവാദമാകുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്‌ത സംഭവം പൂനെയിലെ പിമ്പ്രി ചിഞ്ച്വാഡിലായിരുന്നു നടന്നത്. സംഭവ സ്‌ഥലത്തുണ്ടായിരുന്നവര്‍ ആരും അദ്ദേഹത്തെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നും മൊബൈലില്‍ വീഡിയോ പകര്‍ത്താനായിരുന്നു തിടുക്കമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അന്‍പത്തിയഞ്ചു വയസ്സ് പ്രായമുള്ള ചെരുപ്പുകുത്തിയായ വ്യക്തിയാണ് പൊള്ളലേറ്റു മരിച്ചത്. ജോലി ചെയ്യുന്നതിനിടെ പിറകിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നും കടയ്‌ക്ക് തീപിടിക്കുകയും അത് ഇയാളുടെ ദേഹത്തേക്ക് പടരുകയുമായിരുന്നു. പൊള്ളലേറ്റ് ശരീരം കത്തിപ്പടരുമ്പോള്‍ സഹായത്തിനായി കേണെങ്കിലും ജനക്കൂട്ടത്തില്‍ നിന്നും ആരും തന്നെ മുന്നോട്ട് വരാന്‍ തയ്യാറായില്ലെന്ന് മരിച്ചയാളുടെ മകന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് കെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള തീയായിരുന്നു അതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയതിനാല്‍ സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. മിനിറ്റുകള്‍ക്കകം തന്നെ ഇയാളുടെ ശരീരം കത്തിയമരുകയായിരുന്നു. നഷ്‌ടപരിഹാരമായി 20,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരിച്ച വ്യക്തിയുടെ ഭാര്യ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഒരാളുടെ ജീവന് പകരമാകുമോ പണം എന്നായിരുന്നു അവരുടെ ചോദ്യം.