ബിജെപിയിലെ പ്രായപരിധി മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ മാത്രമോ?, കേജ്രിവാളിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ മോദി

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (15:20 IST)
ബിജെപിക്കുള്ളില്‍ അരവിന്ദ് കേജ്രിവാള്‍ തുറന്നുവിട്ട പ്രായപരിധി വിവാദം പുകയുന്നു. പാര്‍ട്ടി മാനദണ്ഡപ്രകാരം 75 വയസ് കഴിഞ്ഞവര്‍ മന്ത്രിസ്ഥാനത്ത് തുടരരുതെന്ന തീരുമാനം മോദിയുടെ കാര്യത്തിലും നടപ്പില്‍ വരുമോ എന്ന ചോദ്യമാണ് കേജ്രിവാള്‍ ഉന്നയിച്ചത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയായി കഴിഞ്ഞാല്‍ വൈകാതെ തന്നെ മോദി സ്ഥാനം മാറുമെന്നും പകരക്കാരന്‍ പ്രധാനമന്ത്രിക്ക് വേണ്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നതെന്നും അരവിന്ദ് കേജ്രിവാള്‍ പറയുന്നു. എന്നാല്‍ ഈ വിവാദങ്ങളോടെ മോദി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

75 വയസ് കഴിഞ്ഞവര്‍ മന്ത്രിസ്ഥാനത്ത് തുടരരുത് എന്നാണ് ബിജെപിയിലെ വ്യവസ്ഥയെങ്കില്‍ മോദി അമിത് ഷായ്ക്ക് വേണ്ടിയാണ് ഇത്തവണ വോട്ട് ചോദിക്കുന്നതെന്ന് കേജ്രിവാള്‍ പറയുന്നു. പ്രായപരിധി പറഞ്ഞുകൊണ്ട് മോദി പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയ മുതിര്‍ന്ന നേതാക്കളുടെ പട്ടികയും കേജ്രിവാള്‍ പുറത്തുവിട്ടിരുന്നു. പ്രായപരിധി കാണിച്ച് ഈ നേതാക്കളെ ഒതുക്കുവാന്‍ മോദിക്കും അമിത് ഷായ്ക്കും സാധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്നാണ് ഇപ്പോള്‍ അമിത് ഷാ പറയുന്നത്.


2014ല്‍ മന്ത്രിസഭാ രൂപീകരണസമയത്താണ് 75 വയസെന്ന നിബന്ധന ബിജെപി കൊണ്ടുവന്നത്. അന്ന് മോദിക്ക് 64 വയസായിരുന്നു പ്രായം. ഈ വ്യവസ്ഥ വെച്ച് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദി ബെന്നിനെയും കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് നജ്മ ഹെപ്തുള്ള,കല്‍രാജ് മിശ്ര എന്നിവരെയും ഒഴിവാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി,മുരളീ മനോഹര്‍ ജോഷി,സുമിത്ര മഹാജന്‍ എന്നിവരെ ഒതുക്കാനും ഈ മാനദണ്ഡമാണ് ഉപയോഗിച്ചത്. എന്നാല്‍ മോദിയുടെയും ഷായുടെയും ഇഷ്ടക്കാര്‍ക്ക് ഈ നിബന്ധനയില്‍ പാര്‍ട്ടി ഇളവ് നല്‍കുകയും ചെയ്തു.


2024ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇരുപതോളം ബിജെപി സ്ഥാനാര്‍ഥികള്‍ 72-74 വയസ്സുള്ളവരാണ്. മൂന്നാം വട്ടം ഭരണം കിട്ടിയാല്‍ 2 വര്‍ഷത്തില്‍ മോദിക്ക് 75 വയസാകും. അങ്ങനെയെങ്കില്‍ പാര്‍ട്ടി വ്യവസ്ഥ പ്രകാരം മോദി സ്ഥാനം ഒഴിയേണ്ടി വരും. 73 വയസുള്ള രാജ്‌നാഥ് സിംഗിനും മന്ത്രി സ്ഥാനത്ത് അധികം തുടരാനാകില്ല. ഇനി ഈ മാനദണ്ഡം പാര്‍ട്ടിയിലില്ല എന്ന നിലപാടാണ് മോദിയും അമിത് ഷായും പറയുന്നതെങ്കില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കാനാണ് മോദി വ്യവസ്ഥ കൊണ്ടുവന്നതെന്ന് വരും. ഇത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കേജ്രിവാള്‍ തൊടുത്തുവിട്ട അമ്പിനോട് മൗനം കൊണ്ട് മോദി പ്രതിരോധം തീര്‍ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :