അഭിറാം മനോഹർ|
Last Modified ശനി, 11 മെയ് 2024 (14:27 IST)
നടന്‍ വിജയ് സ്ഥാപിച്ച തമിഴക വെട്രിക് കഴകം പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് മധുരയില്‍ നടത്തിയേക്കുമെന്ന് സൂചന. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും താരത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാറുണ്ട്.
പാര്‍ട്ടി സമ്മേളനം നടത്തി ശക്തമായ രാഷ്ട്രീയ അടിത്തറയോടെ 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 30 ലക്ഷം പേര്‍ വിജയുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പ്രത്യേക മൊബൈല്‍ ആപ്പ് വഴിയാണ് അംഗത്വ ക്യാമ്പയിന്‍ നടത്തിയത്. ആദ്യ അംഗമായി വിജയ് ചേര്‍ന്ന് 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.