മോഡിയുടെ വഴികളെ വാഴ്ത്തി ടൈം മാഗസിനില്‍ ഒബാമയുടെ ലേഖനം

വാഷിങ്ടണ്‍.| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (20:48 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ടൈം മാഗസിനില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ലേഖനം. കുട്ടിയായിരുന്നപ്പോള്‍, അച്ഛനെ സഹായിക്കാനായി മോഡി ചായ വിറ്റിട്ടുണ്ടെന്നും ഇന്ന്, അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവാണെന്നും പട്ടിണിയുടെ അവസ്ഥയില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേക്കുള്ള മോഡിയുടെ വളര്‍ച്ച ഇന്ത്യയുടെ ഉയര്‍ച്ചയുടെ സാധ്യതകളേയും ഊര്‍ജ്വസ്വലതയേയുമാണ് സൂചിപിക്കുന്നതെന്നും ഒബാമ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യന്‍ ജനത തന്റെ പാത പിന്തുടരണമെന്ന മോഡിയുടെ തീരുമാനത്തിന്റെ ഫലമാണ് പട്ടിണി അകറ്റാനും, വിദ്യാഭ്യാസ രംഗം വിപുലീകരിക്കാനും, സ്ത്രീജനങ്ങളെ ശാക്തീകരിക്കാനും, കാലാവസ്ഥ വ്യതിയാനത്തെ പരിഗണനയിലെടുത്തുകൊണ്ടുതന്നെ ഇന്ത്യയുടെ യഥാര്‍ഥ സാമ്പത്തിക സാധ്യതകളെ വെളിച്ചത്തുകൊണ്ടുവരാനുമായി അദേഹം നടത്തുന്ന ശ്രമങ്ങളെന്നും ഒബാമ കുറിക്കുന്നു. കടുത്ത യോഗ ഭക്തനായ മോഡി ഇന്ത്യയേപ്പോലെ തന്നെ, പുരാതന കാലത്തെയും ആധുനിക യുഗത്തെയും ഫലപ്രദമായി സംയോജിപ്പിക്കുന്ന നേതാവാണെന്നും ഒബാമ അഭിപ്രായപ്പെടുന്നു.

ഒബാമയുടെ നല്ല വാക്കുകള്‍ക്ക് മോഡി ട്വിറ്റലൂടെ നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി ടൈം മാഗസിന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മോഡി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നവീകരണകര്‍ത്താവായി മോദിയെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഒബാമയുടെ ലേഖനം വന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :