മുംബൈ|
സജിത്ത്|
Last Modified വെള്ളി, 25 മാര്‍ച്ച് 2016 (12:51 IST)
സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മാട്രിമോണി വെബ്‌സൈറ്റുകളെ നിയന്ത്രിക്കണമെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം വെബ്‌സൈറ്റുകളെ നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തിരിക്കുന്നതെന്നും കോടതി ആരാഞ്ഞു. അഭിഭാഷകയായ പ്രിസ്‌കില സാമുവല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് പി ഡി നായിക്ക്, ജസ്റ്റിസ് അഭയ് ഓക എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരത്തിലുള്ള സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഒരു മാസത്തിനകം തന്നെ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ ഉള്ള രീതിയില്‍ മാധ്യമ പരസ്യം കൊടുക്കുന്നത് 6 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള ശിക്ഷ ലഭിക്കുന്നതിന് ഇടയാക്കുമെന്നും
കോടതി ചൂണ്ടിക്കാട്ടി.
1961 മുതല്‍ സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും സ്ത്രീധന വിവാഹങ്ങളെ നിയന്ത്രിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെയായിട്ടും ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്ത് സ്ത്രീധന വിവാഹ ബിസിനസ് തഴച്ചു വളരുകയാണെന്നും അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കൂടാതെ പല മാട്രിമോണി സൈറ്റുകളിലും സ്ത്രീധനം ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.