ലോകക്രിക്കറ്റിലെ അനിഷേധ്യ ശക്‌തികളായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നു കളത്തില്‍!

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയാണ്‌ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം

ധര്‍മശാല, മുംബൈ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലഡ്, ഇംഗ്ലണ്ട് dharmasala, mumbai, australia, south africa, newzeland, england
ധര്‍മശാല| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (09:25 IST)
ലോകക്രിക്കറ്റിലെ അനിഷേധ്യ ശക്‌തികളായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന്‌ ഇന്നിറങ്ങും. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസിന്‌ ബദ്ധവൈരികളായ ന്യൂസിലന്‍ഡാണ്‌ എതിരാളികള്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയാണ്‌ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.

ടൂര്‍ണമെന്റ്‌ ഫേവറൈറ്റുകളായ ഇന്ത്യയെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ്‌ ന്യൂസിലന്‍ഡ്‌ കംഗാരുക്കളെ നേരിടാന്‍ ഇറങ്ങുന്നത്‌. ഓസീസാകട്ടെ ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ തോല്‌വിക്ക്ശേഷമാണ്‌ ലോകകപ്പിനെത്തുന്നത്‌. അടുത്തകാലത്തെ ഫോം കണക്കിലെടുത്താന്‍ ന്യൂസിലന്‍ഡിനാണ്‌ മത്സരത്തില്‍ മേല്‍കൈ. അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും അവര്‍ ജയിച്ചിരുന്നു‌. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരേ മികച്ച ബൗളിങ്‌ പ്രകടനത്തിലൂടെ അവര്‍ വിജയം സ്വന്തമാക്കുകയും ചെയ്തു‌.

ആഴമേറിയ ബാറ്റിങ്‌ നിരയുമായാണ്‌ ഓസീസിന്റെ വരവ്‌. ആരോണ്‍ ഫിഞ്ചിനൊപ്പം മുതിര്‍ന്ന താരം ഷെയ്‌ന്‍ വാട്‌സണായിരിക്കും ഇന്നിങ്‌സ് തുറക്കുക. പിന്നാലെ സ്‌റ്റീവന്‍ സ്‌മിത്ത്‌, ഡേവിഡ്‌ വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെന്‍ ജെയിംസ്‌ ഫോക്‌നര്‍ എന്നിവരും ഇറങ്ങും. മത്സരത്തിന്‌ മഴ ഭീഷണി ഉയര്‍ത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇന്നു തീപാറുന്ന മത്സരമായിരിക്കും മുംബൈയിലും അരങ്ങേറുക. ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ ക്രിസ്‌ ഗെയ്‌ലിനു മുന്നില്‍ തലകുനിച്ച ഇംഗ്ലണ്ടിന്‌ രണ്ടാം മത്സരത്തില്‍ നേരിടേണ്ടത്‌ എ ബി ഡിവില്യേഴ്‌സിന്റെ ദക്ഷിണാഫ്രിക്കയെയാണ്‌. ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന പിച്ചായിരിക്കും വാംഖഡെയിലേതെന്ന്‌ കഴിഞ്ഞ ദിവസം വ്യക്‌തമായി. ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 182 റണ്‍സ്‌ എന്ന ലക്ഷ്യം 11 പന്ത്‌ ശേഷിക്കെ നാലു വിക്കറ്റ്‌ നഷ്‌ടത്തിലാണ്‌ വിന്‍ഡീസ്‌ മറികടന്നത്‌. ബൗളിങ്ങിലെ പോരായ്‌മകളാണ് ഇന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിനെ അലട്ടുന്നത്‌. കഴിഞ്ഞ ദിവസം ഗെയ്‌ല്‍ അടിച്ചു പറത്തിയ ബൗളര്‍മാര്‍ ഇന്ന്‌ ഡേവിഡ്‌ മില്ലറിനെയും ഡിവില്യേഴ്‌സിനെയും എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരഫലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :