ന്യൂഡല്‍ഹി|
vishnu|
Last Updated:
തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (11:27 IST)
മോട്ടോര്‍ വാഹന ഗതാഗത് നിയമങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2014ന്റെ കരട് രൂപമായി. സ്വകാര്യ വാഹനങ്ങള്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്തുക, ലൈസന്‍സ് കാലാവധി നാല്‍പ്പത് വയസ് വരെയാക്കുക, പിഴത്തുക കുത്തനെ ഉയര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കര്‍ട് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.
ഓട്ടോമേറ്റഡ് സംവിധാനങ്ങളുള്ള കേന്ദ്രങ്ങളില്‍ മാത്രമേ ഇനി വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യാന്ന് പാടുള്ളു എന്നാണ് നിയമം അനുശാസിക്കുന്നത്.
സ്വകാര്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് നടത്തണം എന്നത് അഞ്ചുവര്‍ഷമായി കുറയ്ക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ലൈസന്‍സ് നല്‍കുന്ന കാര്യത്തിലും കാതലായ മാറ്റമാണ് നിയമം അനുശാസിക്കുന്നത്. നിലവില്‍ പരമാവധി 20 വര്‍ഷമോ 50 വയസ്സുവരെയോ ആണ് ലൈസന്‍സ് കാലാവധി.
എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 40 വയസ്സുവരെയാകും. പിന്നീട് രണ്ടുതവണ 10 വര്‍ഷം വീതവും 60 വയസ്സിനുശേഷം അഞ്ചുവര്‍ഷം വീതവുമാണ് ലൈസന്‍സ് പുതുക്കി നല്‍കുക. ഓരോതവണയും ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് പുറമെ വാഹനമോടിച്ച് കാണിച്ചുകൊടുക്കണമെന്നതാണ് പുതിയ വ്യവസ്ഥ.
പിഴത്തുക നിര്‍ണ്ണയിക്കുന്നതിലും പരിഷ്കാരം വന്നിട്ടുണ്ട്. പല ഗതാഗത നിയമ ലംഘനങ്ങള്‍ക്കും നിലവിലുള്ള പിഴ മൂന്നും നാലും ഇരട്ടിയായി വര്‍ധിക്കും. മാത്രമല്ല നിയമം പൂര്‍ണമായും കേന്ദ്രത്തിന്റേതാകുമ്പോള്‍ അതുവഴിയുള്ള വരുമാനവും കേന്ദ്രത്തിന്റേത് മാത്രമാകുമെന്നും ആശങ്കയുണ്ട്.