ന്യൂഡൽഹി|
jibin|
Last Updated:
വ്യാഴം, 17 നവംബര്‍ 2016 (20:15 IST)
നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്ത്. നോട്ട് നിരോധനം മൂന്ന് ദിവസത്തിനകം പിന്‍വലിക്കണം. അല്ലാത്ത പക്ഷം കടുത്ത പ്രക്ഷോഭമായിരിക്കും നേരിടേണ്ടിവരുകയെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ റാലിയിലാണ് ഇരു നേതാക്കളും നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ നിയമങ്ങളെ തകർത്തിരിക്കുകയാണ്. നോട്ട് അസാധുവാക്കൽ തീരുമാനത്തിനു മുമ്പ് എന്തുകൊണ്ട് വ്യക്‌തമായൊരു പദ്ധതി തയാറാക്കിയില്ല. ഇതിൽ കഷ്ടം സഹിക്കുന്നത് സാധാരണ ജനങ്ങളാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ മൂന്നു ദിവസത്തെ സമയം അനുവദിക്കുകയാണ്. എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ മോദിയെ വെറുതെവിടില്ലെന്നും മമത പറഞ്ഞു.
തീരുമാനം പിൻവലിക്കുന്നതു വരെ പ്രതിഷേധം തുടരും. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ ജയിലിൽ അടയ്ക്കൂ, അല്ലെങ്കിൽ വെടിയുതിർക്കൂ. പക്ഷേ, ഞങ്ങൾ പോരാട്ടം തുടരും. സർക്കാർ രാജ്യത്തെ വിൽക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. അവർ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, ഞങ്ങൾ അതിന് അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
മദ്യവ്യവസായി വിജയ് മല്യയെ രാജ്യത്തുനിന്നു പുറത്തുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചെന്നായിരുന്നു കേജ്‍രിവാളിന്റെ ആരോപണം. സാധാരണ ജനങ്ങൾ ബാങ്കിന്റെയും എടിഎമ്മിന്റെയും മുന്നിൽ ക്യൂ നിൽക്കുമ്പോൾ വിജയ് മല്യ ലണ്ടനിൽ സുഖജീവിതം നയിക്കുകയാണെന്നും കേജ്‍രിവാൾ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. വിവാഹങ്ങള്‍ മുടങ്ങുന്നു. പലരും സ്വയം ജീവനൊടുക്കുന്നു. ഈ മരണങ്ങള്‍ക്കെല്ലാം ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.