നോട്ട് നിരോധിച്ചപ്പോള്‍ കാശുകാരന്‍ 550 കോടി രൂപയ്ക്ക് കല്യാണം നടത്തി; ദരിദ്രനാരായണന്മാര്‍ ‘ക്യൂ’ നിന്ന് കുഴഞ്ഞുവീണു മരിച്ചു

നോട്ട് നിരോധനം പണക്കാരന് അനുകൂലം, പാവപ്പെട്ടവന് മരിച്ചുവീഴുന്നു

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 17 നവം‌ബര്‍ 2016 (18:35 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം ധനികരെയും പാവപ്പെട്ടവരെയും ബാധിക്കുന്നത് രണ്ടുവിധത്തില്‍. നോട്ടു നിരോധിക്കല്‍ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ മൂലം മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടത് 47 പേരാണ്. വിവിധ ദേശീയമാധ്യമങ്ങളില്‍ വന്ന കണക്കുകളില്‍ നിന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.

അതേസമയം, അസാധുവാക്കപ്പെട്ട നോട്ടുകള്‍ മൂലം ഇതിന്റെ ഇരട്ടി മരണം രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. പഴയ നോട്ടുകള്‍ മാറിയെടുക്കുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് നിരവധി പേരാണ് മരിച്ചത്. മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വന്നതിനല്‍ നിര്‍ജ്ജലീകരണം ബാധിച്ചായിരുന്നു ഇതില്‍ മിക്ക മരണവും.

കൂടാതെ, പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ടും നോട്ട് മാറാനുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരണപ്പെട്ടവരില്‍ കുഞ്ഞുങ്ങളും പ്രായം ചെന്നവരുമാണ് അധികം. പഴയ നോട്ടുകള്‍ മാറുമ്പോള്‍ പുതിയ 2000 ന്റെ നോട്ടുകള്‍ നല്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കൂട്ടുകയാണ്. പുതുതായി ലഭിക്കുന്ന 2000 രൂപ നോട്ട് ചില്ലറയാക്കാന്‍ കഴിയാത്തതാണ് ബുദ്ധിമുട്ട് ആകുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണജനങ്ങള്‍ ഇത്രയധികം കഷ്‌ടപ്പെടുമ്പോഴും 550 കോടി രൂപ കൈകാര്യം ചെയ്യാന്‍ സമ്പന്നര്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷമായിരുന്നു കര്‍ണാടകയിലെ ഖനിവ്യവസായിയും രാഷ്‌ട്രീയനേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം നടന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍ ആണ് ഈ ആര്‍ഭാടവിവാഹം നടന്നത് എന്നതും ശ്രദ്ധേയം. വിവാഹ ആവശ്യങ്ങള്‍ക്കായി 2.5 ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കാം എന്ന് സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയതും ഇതും കൂട്ടിവായിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :