ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 17 നവംബര്‍ 2016 (19:23 IST)
നോട്ട് നിരോധനത്തില്‍ ബിജെപി നേതൃത്വം ആടിയുലയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇടതു -വലതു മുന്നണികളെ കടന്നാക്രമിച്ച് ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് നിലവിലുള്ളത്. സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി കേന്ദ്രത്തിന് ഇളവ് നല്‍കാന്‍ സാധിക്കില്ല. സഹകരണ ബാങ്കിനെ തകര്‍ക്കാനുളള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് ബാലിശമാണെന്നും രാജഗോപാല്‍ വ്യക്തമാക്കി.
രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നത്. മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
നോട്ട് നിരോധനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ബിജെപി ഘടകം വെട്ടിലായ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവായ രാജഗോപാല്‍ രംഗത്ത് എത്തിയത്.
പാര്‍ട്ടി സമ്മര്‍ദ്ദത്തിലാകുന്ന സമയങ്ങളില്‍ രാജഗോപാല്‍ സംസാരിക്കുന്നില്ലെന്നും സിപിഎമ്മിന് അനുകൂലമായും പിണറായി വിജയനെ പുകഴ്‌ത്തിയും അദ്ദേഹം സംസാരിക്കുന്നുവെന്ന് സംസ്ഥാന ബിജെപി ഘടകം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് നോട്ട് നിരോധനത്തില്‍ പ്രസ്‌താവനയുമായി ബിജെപി എംഎല്‍എ രംഗത്തെത്തിയത്.