സിമന്റിനു ഗുണനിലവാരമില്ല : അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (18:22 IST)
മലപ്പുറം: ഗുണനിലവാരം ഇല്ലാത്ത സിമന്റ് നൽകി എന്നും അതുപയോഗിച്ചു നിർമ്മിച്ച വീട്ടിലെ സൺ
ഷെയ്ഡിൽ വിള്ളൽ വീണു എന്നും മറ്റുമുള്ള പരാതി നൽകിയതിനെ തുടർന്ന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നൽകിയ പരാതിയിലാണ് ഈ വിധിയുണ്ടായത്.

2018 സെപ്തംബർ 23 നു ഇയാൾ ബാങ്കിൽ നിന്ന് വായ്പയെടുത്തു വീട് നിർമ്മാണത്തിനായി 30 ചാക്ക് സിമന്റ് വാങ്ങി. എന്നാൽ ഈ സിമന്റ് ഉപയോഗിച്ച് സൺ ഷെയ്ഡ് നിർമ്മിച്ചപ്പോൾ സിമന്റ് സെറ്റാവുന്നില്ല എന്നും വിള്ളൽ വീഴുന്നു എന്നും കണ്ടെത്തി. തുടർന്ന് ഇയാൾ കടയിൽ പോയി പരാതി പറഞ്ഞു. ഉടൻ കടയുടമ സിമന്റിൽ പരാതിയുണ്ടെങ്കിൽ കോഴിക്കോട് എൻ.ഐ.ടി യിൽ നിന്ന് റിപ്പോർട്ട് കൊണ്ടുവരാനും അതിനു ശേഷം സിമന്റ് കമ്പനിയിൽ നിന്ന് പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞു.

അതനുസരിച്ചു പരാതിക്കാരൻ എൻ.ഐ.ടി യിൽ നിന്നൂസിമന്റ പരിശോധിപ്പിച്ചു സിമന്റിനു അപാകതയുണ്ടെന്നുള്ള റിപ്പോർട്ട് വാങ്ങി കട ഉടമയ്ക്കും കമ്പനിക്കും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇയാൾ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. കമ്മീഷന്റെ ഭാഗമായി കൊണ്ടോട്ടി മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ കാര്യങ്ങൾ പരിശോധിച്ച് സിമന്റിനെതിരെ റിപ്പോർട്ട് നൽകി.

തുടർന്ന് വിവിധ കാര്യങ്ങൾ പരിഗണിച്ച ശേഷമാണ് കമ്മീഷൻ നഷ്ടപരിഹാരമായി പരാതിക്കാരന് അഞ്ചു ലക്ഷം രൂപയും കോടതി ചെലവായി 25000 രൂപ കോടതി ചെലവായും നൽകാൻ വിധിച്ചു. ജെ.എസ്.ഡബ്ള്യു സിമന്റ് കമ്പനിയാണ് പരാതിക്കാരന് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :