ജയലളിത... ജീവിതം സിനിമ പോലെ സംഭവ ബഹുലം

ചെന്നൈ| VISHNU.NL| Last Updated: ശനി, 27 സെപ്‌റ്റംബര്‍ 2014 (19:33 IST)
1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള
ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജീവിച്ചത്. എന്നാല്‍ ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. അമ്മയായ ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും ഇവര്‍ താമസം മാറുകയുമായിരുന്നു.

സിനിമയില്‍ അവസരം തേടിയെത്തിയ ഇവര്‍ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി കന്നഡ, തമി‍ഴ് ചിത്രങ്ങളില്‍ ജയലളിത അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ആദ്യ തമി‍ഴ്‍ചിത്രം. അരപ്പാവാട ധരിച്ച് തമി‍ഴ് സിനിമയില്‍ അഭിനയിച്ച ആദ്യ നായികയായിരുന്നു ജയലളിത. ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായി തമി‍ഴില്‍ സജീവമായി. അറുപതുകളിലും എ‍ഴുപതുകളിലും എംജിആറിന്റെ നായികയായി

എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. എംജിആറുമായി സൌഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. പിന്നീടുള്ള ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്.

പാര്‍ട്ടിക്കുള്ളില്‍ നെറ്റിചുളിച്ചു നിന്ന പല മുതിര്‍ന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു‌. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ കുതിച്ചുയരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ജയളിതയ്ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് ക‍ഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

അവിടെനിന്നാണ് ഒരു തമി‍ഴ്സിനിമയെ വെല്ലുന്ന തിരക്കഥ പോലെ
ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്.
ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.

എന്നാല്‍ അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ് ചെയ്യപ്പെട്ടു. ജയയ്ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

ഡി‌എംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. അപ്പോഴാണ് ഈ പകപോക്കല്‍ നടന്നത്.
മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

ശേഷം ഡമ്മി മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തിനേ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതവും.അനധികൃത സ്വത്ത് സമ്പാദക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഇതുവരെ തമിഴ്‍ നാടിന്റെ നായിക ആയിരുന്ന ജയലളിതക്ക് വില്ലന്‍ പരിവേഷം കൈവന്നിരിക്കുന്നു. സംഭവ ബഹുലമായ അനധികൃത സ്വത്തുസമ്പാദന കേസിന്റെ നാള്‍‌വഴികളിലേക്ക്

1.1996 ജൂണ്‍ 14- സുബ്രഹ്മണ്യം സ്വാമി പരാതി നല്‍കി,
2.1996 ജൂണ്‍ 18- എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, 3.1996 ജൂണ്‍ 21- അന്വേഷണത്തിന് ഉത്തരവ്, 4.1997 ജൂണ്‍ 4- ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു, 5.2001 സെപ്തംബര്‍ 21- സുപ്രിംകോടതി വിധി, ജയലളിത രാജിവെച്ചു, 6. 2002- ജയലളിത വീണ്ടും മുഖ്യമന്ത്രി, കേസ് ബംഗളൂരിലേക്ക്‌ മാറ്റി, 7. 2010 ജനുവരി- വിചാരണ ആരംഭിച്ചു, 8. 2011 മെയ് 16
-മൂന്നാം തവണ ജയലളിത മുഖ്യമന്ത്രി, 9. 2014- ആഗസ്റ്റ് 28- വിചാരണ പൂര്‍ത്തിയായി, 10. 2014 സെപ്‍തംബര്‍ 27- കുറ്റക്കാരിയെന്ന് കണ്ടെത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


അ‍ഴിമതി കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്​ജയലളിത. നിലവില്‍ ഗുരുതര സ്വഭാവമുള്ള 12 അ‍ഴിമതിക്കേസുകളില്‍ ആരോപണ വിധേയ കൂടിയാണ്​ തമി‍ഴ്നാട്​ മുഖ്യമന്ത്രി. രണ്ട് കേസില്‍ കീ‍ഴ്ക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.

അ‍ഴിമതി ആരോപണങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജയലളിതയുടെ പേരില്‍. കൊഡൈക്കനാലില്‍ ആഡംബര ഹോട്ടല്‍ പണിയാന്‍ കോ‍ഴ വാങ്ങി അനുമതി നല്‍കിയ കേസില്‍ ജയലളിത ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. കീ‍ഴ്കോടതി വിധിക്കെതിരെ ജയലളിത നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തമി‍ഴ്നാട്ടിലെ വൈദ്യുതി ബോര്‍ഡിന്​ വേണ്ടി നിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്​തതിലൂടെ ഖജനാവിന്​ ആറരക്കോടി നഷ്ടമുണ്ടാക്കിയെന്ന കേസാണ്​ മറ്റൊന്ന്. ആന്ധ്രയിലെ മുപ്പതേക്കര്‍ തോട്ടത്തില്‍ നിന്ന് മുന്തിരി വിറ്റതിലൂടെ 60 ലക്ഷം രൂപ വരുമാനമുണ്ടാക്കിയെന്ന് കാണിച്ച് ആദായനികുതി വകുപ്പിനെ വഞ്ചിച്ച കേസ്​, സമ്മാനമായി കിട്ടിയ മൂന്നരകോടിക്ക്‌ നികുതി അടക്കാതിരുന്നത്​, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത്​ തുടങ്ങി വേറെയും കേസുകളുണ്ട്.

1995 ല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കളര്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതില്‍ എട്ടരക്കോടി കോ‍ഴവാങ്ങിയെന്ന കേസിലും ജയ പബ്ലിക്കേഷന്‍സിന്​ വേണ്ടി താന്‍സി എസ്റ്റേറ്റ്​ ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാറിന്​ മൂന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസിലും പ്ലസന്‍റ് ഡേ ഹോട്ടല്‍ കേസിലും ജയലളിതയെ കോടതി കുറ്റവിമുക്തയാക്കി. സാഫ്​ ഗെയിംസ്​ അ‍ഴിമതി, അമേരിക്കന്‍ സംഭാവന, വിദശ നാണ്യ വിനിമയച്ചട്ടം ലംഘിക്കല്‍ തുടങ്ങി വിധി വരാനിരിക്കുന്ന കേസുകള്‍ വേറെയുമുണ്ട്..




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :