തിരുവനന്തപുരം|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (16:06 IST)
മദ്യനയത്തില്‍നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടികളെ കെപിസിസി സ്വാഗതം ചെയ്യുന്നു. വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കി മദ്യനയവുമായി മുന്നോട്ടുപോകും. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും സുധീരന്‍ തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബാര്‍ വിഷയത്തില്‍ കോടതിവിധി തിരിച്ചടിയായി കാണുന്നില്ല. കെപിസിസി യോഗത്തില്‍ തന്നെയാരും വിമര്‍ശിച്ചിട്ടില്ല. യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പിന്‍വാതിലിലൂടെ റിപ്പോര്‍ട്ടാക്കുന്ന മാധ്യമങ്ങളുടെ നടപടി ഖേദകരമാണെന്നും സുധീരന്‍ പറഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാക്കും. വീര്യം കുറഞ്ഞ മദ്യം വേണ്ടെന്നാണ് യുഡിഎഫില്‍ പൊതുവേയുള്ള അഭിപ്രായം. പുതിയ ബിയര്‍- വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബറിന് വിലയിടിവു നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ റബര്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കശ്മീര്‍ ജനതയോട് കെപിസിസി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതായും സുധീരന്‍ അറിയിച്ചു.