ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (16:52 IST)
കളളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി. വിദേശത്ത് കളളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ ഒരിക്കലും വെളിപ്പെടുത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. വിഷയത്തില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജയ്റ്റലി പറഞ്ഞു.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പേര് വെളിപ്പെടുത്തല്‍ ഇരട്ടനികുതി കരാറിന്റെ ലംഘനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുളള കളളപ്പണ നിക്ഷേപം വീണ്ടെടുക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കാന്‍ മോഡി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചിരുന്നു. ജസ്റ്റീസ് എം ബി ഷായുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു.
സിബിഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാരും എസ്ഐടിയില്‍ അംഗങ്ങളാണ്. കള്ളപ്പണം കണ്ടത്തൊന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ 2011 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ജീവന്‍ റെഡ്ഡിയെ അധ്യക്ഷനായും എം ബി ഷായെ ഉപാധ്യക്ഷനായും സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കോടതി നിര്‍ദേശം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയില്ല. അതിനിടെ, ജസ്റ്റിസ് ജീവന്‍ റെഡ്ഡി ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.