ന്യൂഡല്‍ഹി|
Last Modified ഞായര്‍, 19 ഒക്ടോബര്‍ 2014 (17:14 IST)
രാജ്യത്ത് ഇപ്പോഴും മോഡി തരംഗം നിലനില്‍ക്കുന്നുവെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് മൂന്നാമതായത് ഇതിന്റെ സൂചനയാണ്. ഇരു സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. മുഖ്യമന്ത്രി ബിജെപിയില്‍ നിന്നു തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോഡിയെ എതിരില്ലാത്ത നേതാവായി ജനം അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഇപ്പോഴും മോദി തരംഗം നിലനില്‍ക്കുന്നുണ്ട്. എതിരാളികള്‍ തകര്‍ന്നടിഞ്ഞത് മോഡി തരംഗത്താലാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ചരിത്ര വിജയമാണ് ബിജെപി നേടിയത്. അതിന് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളോട് നന്ദി പറയുന്നതായും അമിത്ഷാ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ എന്‍സിപി പുറത്തു നിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതിനെ സഖ്യകക്ഷിയായി കാണാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് എന്‍സിപിയുമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലായെന്നും അമിത് ഷാ വ്യക്തമാക്കി.