ഇറ്റാനഗര്‍|
PRIYANKA|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (08:13 IST)
ചൈനയുടെ അതിര്‍ത്തിക്കു സമീപം
ഇന്ത്യ വ്യോമതാവളം തുറന്നു. അരുണാചല്‍ പ്രദേശിലെ ഷെയ്ഗട്ടിലാണ് പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇറക്കാന്‍ കഴിയുന്ന താവളം തുറന്നത്. തന്ത്ര പ്രധാന മേഖലയിലുള്ള ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 11000 അടി മുകളിലാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ദിവസമാണിതെന്ന് വ്യോമ താവളം സമര്‍പ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് 1911ല്‍ നിര്‍മിച്ച ഷെയ്ഗട്ട് സംസ്ഥാനത്തെ ഏറ്റവും പഴയ നഗരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ ഈ നഗരമുണ്ട്. അടുത്തിടെ രണ്ടുതവണ ചൈനീസ് സേന അരുണാചലില്‍ അതിര്‍ത്തി ലംഘിച്ചതായി മന്ത്രി പറഞ്ഞു. നമ്മള്‍ ഏതെങ്കിലും രാജ്യത്തെ വെല്ലുവിളിക്കുന്നില്ല. എന്നാല്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കും. ഇതിന്റെ ഭാഗമായാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വ്യോമതാവളങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിനും ഇതു വഴിതുറക്കുമെന്ന് മന്ത്രി പറഞ്ഞു.
സൈന്യത്തിനും അര്‍ധസൈന്യത്തിനും പുറമേ സംസ്ഥാന സര്‍ക്കാരിനും അടിയന്തര നേരങ്ങളില്‍ വ്യോമതാവളം ഉപയോഗപ്പെടുത്തമെന്ന് ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ സി ഹരികുമാര്‍ പറഞ്ഞു.