ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (08:12 IST)
പത്തു വർഷത്തിലധികമായി പാക്കിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന മൂകയും ബധിരയുമായ പെൺകുട്ടി ഗീതയെ പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസിനൊപ്പം തിരികെ ഇന്ത്യയിലെത്തിക്കാൻ നീക്കമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ചർച്ചയ്ക്കായി ഇന്ത്യയിൽ എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഗീതയെയും ഇന്ത്യയിൽ എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയതോടെ ഗീതയുടെ സ്വപ്നവും ഇരുളടയുകയായിരുന്നു. ആഗസ്റ്റ് 24നായിരുന്നു ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സർതാജ് അസീസുമായി ചർച്ച തീരുമാനിച്ചിരുന്നത്.
ഇതിനായി ഇന്ത്യയിലെത്താനുള്ള സർതാജിനുവേണ്ടിയുള്ള പ്രത്യേക വിമാനത്തിൽ ഗീതയെയും ഇന്ത്യയിൽ എത്തിക്കാനായിരുന്നു ശ്രമം.
ഇക്കാര്യം പാക് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിരുന്നതായും എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് വേണ്ട വിധത്തില്‍ ഗൌനിച്ചില്ലെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു. വിഘടനവാദികളുമായി പാകിസ്ഥാന്‍ ചര്‍ച്ച നടത്തരുതെന്നും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നും
ഇന്ത്യ കടുംപിടുത്തം പിടിച്ചതൊടെ 23നു രാത്രി പാകിസ്ഥാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.