പണിമുടക്ക് തുടങ്ങി, മോഡി കുലുങ്ങുമോ?

ന്യൂഡൽഹി/തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (07:55 IST)
തൊഴിൽ നിയമ ഭേദഗതികൾക്കും പ്രതിരോധം, ഇൻഷുറൻസ്, റയിൽവേ തുടങ്ങിയ മേഖലകളിലെ വിദേശ മുതൽമുടക്കിനുമെതിരെ 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിനു തുടക്കമായി. ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്.

സർക്കാർ ജീവനക്കാരുടെയും ബാങ്ക്–ഇൻഷുറൻസ്–തപാൽ–ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 24 മണിക്കൂർ നീളുന്ന പണിമുടക്കിന് ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്‌ള്യുഎ, എഐസിസിടിയു, യുടിയുസി, എൽപിഎഫ് എന്നിവയാണു നേതൃത്വം നൽകുന്നത്.

പണിമുടക്കിൽനിന്നു പിൻമാറിയതായി ഭാരതീയ മസ്‌ദൂർ സംഘിന്റെ ദേശീയ നേതൃത്വം വ്യക്‌തമാക്കി. കൂടാതെ റയിൽവേ യൂണിയനുകളൊന്നും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. യൂണിയനുകൾ ഉന്നയിച്ച 12 ആവശ്യങ്ങളിൽ പലതും സർക്കാർ അംഗീകരിച്ചെന്നും നടപ്പാക്കാൻ ആറു മാസം സമയം നൽകണമെന്നും വ്യക്‌തമാക്കിയാണ് ബിഎംഎസ് പണിമുടക്കിൽ നിന്നു പിൻമാറിയത്.

അതിനിടെ കേരളത്തില്‍ പണിമുടക്കിനു ഡയസ്നോൺ ബാധകമാക്കിയ സംസ്ഥാന സർക്കാർ, സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്കു സംരക്ഷണം നൽകാൻ കലക്ടർമാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ വേതനം ഒക്ടോബർ ശമ്പളത്തിൽ നിന്നു തടഞ്ഞുവയ്ക്കും. മുൻകൂർ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിർദേശമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :