ഇന്ത്യയ്ക്കും ജപ്പാനുമിടയില്‍ എന്താണ്?

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (17:50 IST)
അടുത്തകാലത്തായി ഏറ്റവുമധികം വിദേശ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. എന്തുകൊണ്ടാണ് ഇന്ത്യ ജപ്പാനുമായി പതിവിലധികം അടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടൊ? അയല്‍പ്പക്കത്തെ ചൈനയെന്ന രാജ്യത്തിന്റെ ശത്രുവായിരിക്കുന്ന ജപ്പാനുമായി കൂട്ടുചേരുന്നത് ഭാ‍വി ഭാരതത്തിന് ഭൂഷണമാകുമെന്ന് കരുതാന്‍ സാധിക്കുമോ?

ഇന്ത്യ- ജപ്പാന്‍ സൌഹൃദം വളരെക്കാലം മുമ്പേ ഉണ്ടായിരുന്നതാണ്. എന്നാല്‍ ജപ്പാനുമായുള്ള സൌഹൃദത്തിന്റെ പ്രാധാന്യം ഇന്ത്യയ്ക്ക് തിരിച്ചറിയാന്‍ ലഡാക്കില്‍ കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖ മറികടന്ന സംഭവം വേണ്ടി വന്നു എന്നു മാത്രം. അതിനു മുന്നേ തന്നെ ജപ്പാന്‍ ഇന്ത്യയുമായി സഹകരണ ചര്‍ച്ചകള്‍ തുടങ്ങി വച്ചിരുന്നു. എന്നാല്‍ അതിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.

മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് 2013-ല്‍ നടത്തിയ ജപ്പാന്‍ സന്ദര്‍ശനം ഇവിടെ ശ്രദ്ധേയമാണ്. ലഡാക്കില്‍ ആഴ്ചകള്‍ നീണ്ടുനിന്ന ചൈനയുടെ കടന്നു കയറ്റത്തിനു തൊട്ടു പിറകെയായിരുന്നു മന്മോഹന്റെ ജപ്പാന്‍ സന്ദര്‍ശനം. ചൈനയ്‌ക്കൊരു മുന്നറിയപ്പ് നല്‍കാനായിരുന്നു ആ യാത്ര എന്ന് തുറന്നു പറയാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാകുകയും ചെയ്തിരുന്നു.

മന്‍‌മോഹന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇന്ത്യ ജപ്പാനുമായി കൂടുതല്‍ അടുക്കുകയും പ്രതിരോധ വ്യവസായ മേഖലകളില്‍ സഹകരണത്തിന് ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനും ശ്രമിച്ചിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ നീക്കം ശക്തിപ്പെടുത്താനായി നടപടികള്‍ എടുക്കുന്നുമുണ്ട്.

ചൈനക്കുള്ള ശക്തമായ സന്ദേശമാണ് ഇന്ത്യ ജപ്പാനുമായുള്ള സൌഹൃദത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കാരണം അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം ഉണ്ടാക്കി ഇന്ത്യയുടെ ബദ്ധവൈരിയായ പാക്കിസ്ഥാനേ ഒപ്പം നിര്‍ത്തി ഇന്ത്യക്ക് ഭീഷണിയാകാന്‍ ചൈന കാട്ടിക്കൂട്ടുന്ന തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ച് മറുപടി നല്‍കാന്‍ ഇന്ത്യ- ജപ്പാന്‍ സൌഹൃദത്തിന് സാധിക്കും.

ഇന്ത്യയേപ്പോലെ തന്നെ ചൈനയുമായി അതിരിത്തി തര്‍ക്കമുള്ള രാജ്യമാണ് ജപ്പാനും. ചൈനയുടെ സജീവ ശ്രദ്ധയിലുള്ള ഇന്തോ-പസഫിക് മേഖലയിലെ സെന്‍‌കാവു ദ്വീപുകളേ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജപ്പാനും വിയറ്റ്നാമും ചൈനയും തര്‍ക്കത്തിലാണ്. ഇവിടെയാണ് ജപ്പാന്‍ സൌഹൃദ ഹസ്തം നീട്ടുന്നതിനെ ഇന്ത്യ സഹര്‍ഷം സ്വീകരിച്ചത്.

ദേശീയതാ വാദത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി മോഡിക്ക് തുല്യം നില്‍ക്കുന്നയാളാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജപ്പാനുമായി മികച്ച ബന്ധ പുലര്‍ത്തിയിരുന്ന മോഡി പ്രധാനമന്ത്രിയായതിനു ശേഷം ജപ്പാനുമായി ബന്ധം വ്യാപിപ്പിക്കുന്നതിനേക്കുറിച്ച് കൂടുതല്‍ ഉറച്ച തീരുമാനങ്ങള്‍ എടുത്തിരുന്നു.

ഈ മാസം 30 മോഡി ജപ്പാനിലേക്ക് തിരിക്കും. ഈ യാത്രയില്‍ നാലു രാത്രികള്‍ അവിടെ ചെലവഴിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് അദ്ദേഹം തിരിച്ചെത്തുക. ഒരു ഇന്ത്യന്‍ പ്രധാനമനന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനങ്ങളിലൊന്നാണിത്. ഈ യാത്രയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ആദ്യമായി പ്രതിരോധ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനാണ് തീരുമാനം.

പരമ്പരാഗത സഹകരണ സമവാക്യങ്ങള്‍ തെറ്റിച്ചാണ് ജപ്പാന്‍ പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൈകോര്‍ക്കുന്നത്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുമായി മാത്രമായിരുന്നു ഇതുവരെ ജപ്പാന്റെ സഹകരണം. ഇന്ത്യയുമായി ആദ്യമായാണ് ജപ്പാന്‍ പ്രതീരോധ മേഖലയില്‍ സഹകരിക്കുന്നത്.

ജപ്പാനുമായുള്ള സിവില്‍ ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. ഇതിനു പുറമെ യുഎസ്-2 അംഫിബിയന്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാറിലും ഇരുരാജ്യങ്ങളും തീരുമാനമെടുക്കും. പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ മുതല്‍ക്കൂട്ടാകുന്നതാണ് ഈ വിമാനങ്ങള്‍.

അതിനേക്കാള്‍ പ്രാധാന്യം ഇന്ത്യയ്ക്ക് ചൈനക്കടുത്ത് തന്നെയുള്ള ജപ്പാന്‍ എന്ന വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്തിനേക്കൂടി ലഭിക്കുകയാണ് എന്നതാണ്. ജപ്പാനെ കൂടാതെ ഇന്ത്യ സഹകരണ ഹസ്തം നീട്ടിയ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാമും. ചൈനീസ് വിരുദ്ധത അലയടിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ഇന്ത്യ വിയറ്റ്നാമുമായി ചര്‍ച്ചകള്‍ തുടങ്ങി വച്ചത് ലോക രാജ്യങ്ങള്‍ കൌതുകത്തൊടെയാണ് വീക്ഷിച്ചിരിക്കുന്നത്. അതിനു പിന്നാലെ ദക്ഷിണ കൊറിയയുമായും ഇന്ത്യ സഹകരണത്തിന് ശ്രമിക്കുന്നുമുണ്ട്.

ഇന്ത്യയും ചൈനയും അംഗമായ ബ്രിക്‌സ് സ്ഥാപിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ചൈന ആധിപത്യം സ്ഥാപിക്കുന്നത് തടയാന്‍
അംഗങ്ങളുടെ നിക്ഷേപത്തിന് പരിധി നിര്‍ണയിക്കാനും ബാങ്കിന്റെ ആദ്യ പ്രസിണ്ടന്റൊയി ഇന്ത്യക്കാരനെത്തുമെന്ന് ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു എന്നതും ഇന്ത്യന്‍ വിദേശനയം കരുത്ത് കാട്ടിത്തുടങ്ങി എന്നാണ് കാണിക്കുന്നത്.

ചൈനയെ പ്രതിരോധിക്കുകയാണ് ഇന്ത്യയുടെ നീക്കമെന്ന് വ്യക്തമാണെങ്കിലും ഇക്കാര്യത്തില്‍ ചൈന യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ വ്യാപ്തിയാണ്. ചൈനയുമായി ഇന്ത്യ പലമേഖലകളിലും നിക്ഷേപ താല്‍പ്പര്യങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്.

പുതിയ സര്‍ക്കാരിന്റെ വിദേശ നയത്തില്‍ അവ്യക്തത തുടരുകയാണ്. ഒരേ സമയം ശത്രു രാജ്യങ്ങളുടെ സൌഹൃദം ഉറപ്പാക്കുകയും സൌഹൃദ രാജ്യങ്ങളുമായി മുമ്പത്തേക്കാളധികം അടുക്കുഅകയും എന്നാല്‍ തിരശ്ചീലക്കടിയില്‍ നിന്നും ചരട് വലിക്കുന്ന ഇന്ത്യയുടെ നയം ലോക രാജ്യങ്ങള്‍ അത്ഭുതത്തൊടെയാണ് വീക്ഷിക്കുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളെ ഇന്ത്യയും അനുകരിക്കുകയാണോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :