ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല; ഷാസിയ ഇല്‍മി ആം‌ആദ്മി വിട്ടു

ന്യൂഡല്‍ഹി| Last Updated: ശനി, 24 മെയ് 2014 (15:13 IST)
ആം‌ആദ്മി സ്ഥാപക നേതാക്കളില്‍ ഒരാളായ ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയെന്നത് തന്നെ സംബന്ധിച്ച് വ്യത്യസ്തമായ തീരുമാനമാണെങ്കിലും ആപ്പിന് ഇനിയും രാജ്യത്തെ രാഷ്ടീയ രംഗത്ത് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് ഷാസിയ ഇല്‍മി രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

അഴിമതി രഹിത ഇന്ത്യയെന്ന മുദ്രാവാക്യം പേറുന്ന പാ‍ര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റുകളെ വേണമെങ്കില്‍ ന്യായീകരിക്കാം. എന്നാല്‍ സ്വരാജിനെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുന്ന സംഘടനയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്തത് മൂലമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് രാജിക്കത്തില്‍ ഷാസിയ ഇല്‍മി പറയുന്നു.

പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. കൂടാതെ കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്നും ഷാസിയ പറയുന്നു. തെരഞ്ഞെടുപ്പിലെ തോല്‍‌വി അടക്കമുള്ള കാര്യങ്ങളെ പക്വതയോടെ നേരിടേണ്ടതിന് പകരം തെരുവിലിറങ്ങുന്ന അപക്വമായ നടപടിയാണ് നേതൃത്വം കൈക്കൊള്ളുന്നത്.

ലോക്സഭ- നിയമസഭ ഇലക്‍ഷനുകളില്‍ ജനങ്ങള്‍ വ്യത്യസ്തമായി വോട്ട് ചെയ്തുവെന്നത് സത്യമാണ്. എന്നാല്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ മാറ്റത്തിനൊത്ത് നിലകൊള്ളാന്‍ ആം‌ആദ്മിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ഷാസിയ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :