കണ്ണൂര്‍|
VISHNU.NL|
Last Modified തിങ്കള്‍, 19 മെയ് 2014 (12:09 IST)
ഒരിടക്കാലത്തിനു ശേഷം കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകുമോയെന്ന ആശങ്കയുയര്‍ത്തിക്കൊണ്ട് സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം മൂര്‍ഛിക്കുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തിന് ഇതുവരെയായിട്ടും അയവു വന്നിട്ടില്ല.
ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് പാനൂരിലെ പത്തായക്കുന്ന് ടൗണില്‍ ബോംബേറുണ്ടായതാണ് ഒടുവിലത്തെ സംഭവം. രണ്ടു നാടന്‍ ബോംബുകളാണ് അക്രമികള്‍ റോഡിലേക്കെറിഞ്ഞത്. ഇതില്‍ ഒന്ന് ഉഗ്രശബ്ദത്തോടെ പൊട്ടി. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പൊട്ടിയ ബോംബുകളുടെ അവശിഷ്ടവും പൊട്ടാത്ത ബോംബും കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ ബോംബുകള്‍ കണ്ടെത്തുന്നതിനായി പ്രദേശത്ത് ബോംബ്- ഡോഗ് സ്ക്വാഡുകളും പൊലീസും
വ്യാപകമായ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. കതിരൂര്‍ പൊലീസ് കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരി ടൗണില്‍ സിപിഎം ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന്
പ്രഖ്യാപിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി ടൗണ്‍ യൂണിറ്റ് രംഗത്തുവന്നത് പ്രദേശത്ത് മറ്റൊരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍, കടകള്‍ തുറക്കുന്നതു അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എ അശോകന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ സംഘടിച്ചിട്ടുണ്ട്. മറുഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി.
കഴിഞ്ഞ വെളളിയാഴ്ച രാത്രി എട്ടുമണിക്കാണ് ചെറുവാഞ്ചേരിയിലെ എകെജി സാംസ്കാരിക കേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്തു അകത്തുകയറി അക്രമികള്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനേ തുടര്‍ന്നാണ് സിപിഎം കൂത്തുപറമ്പ് ഏരിയാകമ്മിറ്റി 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കര്‍ഷക സംഘം ജില്ലാനേതാവ് ഒകെ വാസുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി വന്ന് ഭീഷണിമുഴക്കിയതിന് കണ്ടാലറിയുന്ന മുപ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുമ്പ് അശോകനും വാസുവും ബിജെപി പ്രവര്‍ത്തകരായിരുന്നു. സഘടന പ്രശ്നത്തെ തുടര്‍ന്നാണ് ഇരുവരും പാര്‍ട്ടി വിട്ടത്.