സിപി‌എം നേതാവ് ആര്‍ ഉമാനാഥ് അന്തരിച്ചു

ചെന്നൈ| Last Modified ബുധന്‍, 21 മെയ് 2014 (08:53 IST)
സിപിഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗവും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു ആര്‍ ഉമാനാഥ് അന്തരിച്ചു. ഇന്ന് രാവിലെ 7:50ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു അന്ത്യം.

1922ല്‍ കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയില്‍ ജനനം. കുട്ടിക്കാലത്ത് തലശ്ശേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയശേഷംകോഴിക്കോട് താമസമാക്കി. ഗണപത് സ്കൂളിലായിരുന്നു പഠനം. ഇന്റര്‍മീഡിയറ്റ് പഠനം ക്രിസ്ത്യന്‍ കോളജിലും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ചേരുന്നതിനാണ് തമിഴ്നാട്ടിലെത്തുന്നത്.
എകെജിയാണ് ഉമാനാഥിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം നിയോഗിച്ചത്. 1940ല്‍ മദ്രാസ് ഗൂഢാലോചന കേസില്‍ പി രാമമൂര്‍ത്തിക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ടു. തിരുച്ചിയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തേക്ക് വന്നത്. സിഐടിയു രൂപവത്കരിച്ചപ്പോള്‍ തമിഴ്നാട് ഘടകത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ചണ്ഡിഗഢില്‍ നടന്ന 15ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോയമ്പത്തൂര്‍ നടന്ന 1പാര്‍ട്ടി കോണ്‍ഗ്രസുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തന്നെ തത്സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തിക്കുകയായിരുന്നു.

തമിഴ്നാട് നിയമ സഭയിലേക്ക് 1970ലും 77 ലും നടന്ന തെരഞ്ഞെടുപ്പുകളിലേക്ക് നാഗപ്പട്ടണത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു നാലും ലോക്സഭകളില്‍ പുതുച്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. പരേതയായ ഭാര്യ പാപ്പാ ഉമാനാഥ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായ മകള്‍ യു വാസുകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :