ബാലപീഡനങ്ങള്‍ക്ക് കാരണം ആധുനിക വിദ്യാഭ്യാസ രീതി; പരിഹാരത്തിന് പശുപൂജയുമായി ക്ഷേത്ര പൂജാരി

ഇതിന് വേണ്ടി ക്ഷേത്രത്തില്‍ മൂന്ന് പശുക്കളെ ഉപയോഗിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് ഹൈദരാബാദിലെ ചില്‍കുര്‍ ക്ഷേത്രത്തിലെ പൂജാരി രംഗരാജന്റെ പ്രസ്താവന.

Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (07:39 IST)
രാജ്യത്ത് ബാലപീഡനങ്ങള്‍ കൂടാന്‍ കാരണം ആധുനിക വിദ്യാഭ്യാസ രീതിയെന്ന വിചിത്ര പരാമര്‍ശവുമായി ക്ഷേത്ര പൂജാരി. ഭാരതത്തിന്റെ പുരാതന ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളില്‍നിന്ന് വ്യതിചലിച്ചതാണ് ബാലപീഡനങ്ങളുടെ കാരണം. ഇതിനുള്ള പരിഹാരം പശുപൂജയാണെന്നും പൂജാരി പറയുന്നു. ഇതിന് വേണ്ടി ക്ഷേത്രത്തില്‍ മൂന്ന് പശുക്കളെ ഉപയോഗിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് ഹൈദരാബാദിലെ ചില്‍കുര്‍ ക്ഷേത്രത്തിലെ പൂജാരി രംഗരാജന്റെ പ്രസ്താവന.

മനുഷ്യ മനസിലെ ദുഷ്ചിന്ത, ദുര്‍വിചാരം എന്നിവ നീക്കം ചെയ്യാന്‍ പശു പൂജയിലൂടെ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ‘നമ്മുടെ രാജ്യത്ത് അതി പുരാതന കാലത്തുതന്നെ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. വിദ്യ അഭ്യസിക്കാന്‍ ലോകത്തിലെതന്നെ പുരാതമായ രീതിയും ഇവിടെയുണ്ട്. എന്നാല്‍ ഇന്ന് പാശ്ചാത്യ വിദ്യാഭ്യാസ രീതിയാണ് രാജ്യത്ത് നടക്കുന്നത്. പാശ്ചാത്യ സംസ്‌കാരവും ഇന്ത്യക്കാരിലേക്ക് കുടിയേറിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കുട്ടികളിലെ ബലാത്സംഗ പ്രവണതയും കടന്നുകൂടിയത്. അത് വിദേശ വിദ്യാഭ്യാസ രീതിയില്‍നിന്നും കടന്നുവന്നതാണ്.

അതോടുകൂടി രാജ്യത്തൊട്ടാകെ നിരവധി ബാല പീഡനങ്ങളും സംഭവിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ ഇത്തരം വാര്‍ത്തകളാണ് കാണുന്നത്’ പൂജാരി കൂട്ടിച്ചേര്‍ത്തു. സര്‍വ ദുരിതങ്ങളില്‍നിന്നുമുള്ള രക്ഷയ്ക്കുവേണ്ടി പശു പൂജ നടത്തുന്നത് രാജ്യത്ത് പതിവായിരുന്നു. അത് മുന്‍നിര്‍ത്തിയാണ് രാജ്യത്തെ കുട്ടികളെ ലൈംഗികപീഡനങ്ങളില്‍നിന്നും രക്ഷിക്കാന്‍ പശുപൂജ നടത്തുന്നതെന്നും പൂജാരി പറഞ്ഞു. ഈ കാലത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും പുരാതന ഇന്ത്യയിലോ ഗ്രന്ഥങ്ങളിലോ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :