ചൂട് കനത്തു, മരണം 1700 കടന്നു, രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഹൈദരാബാദ്| VISHNU| Last Modified വെള്ളി, 29 മെയ് 2015 (12:44 IST)
കത്തുന്ന ചൂടില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരിച്ചവര്‍ 1700 കടന്നു. ഒരു ദിവസത്തിനുള്ളില്‍ തെലങ്കാനയില്‍ മാത്രം 100 പേരാണ് മരിച്ചത്. രണ്ടു ദിവസം കൂടി കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും പ്രായം കൂടുതലുള്ളവരോ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവരോ ആണ്. സൂര്യാഘാതമാണ് പലരുടേയും മരണകാരണം. അതിനിടെ വടക്കന്‍ ആന്ധ്രയിലും രായലസീമയിലെ ചില സ്ഥലങ്ങളിലും മഴ പെയ്തത് ആശ്വാസമായി.

കനത്ത വെയിലത്ത് പുറത്ത് ജോലി ചെയ്യുന്നവരാണ് മരണപ്പെട്ടവരിൽ കൂടുതലും. പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണമെന്നു നിർദേശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുമെന്ന് പഞ്ചായത്ത്‌രാജ് മന്ത്രി കെ.ചി. രാമ റാവു പറഞ്ഞു. പകൽ സമയങ്ങളിൽ പുറത്ത് ഇറങ്ങരുതെന്നും ആശുപത്രികൾ ആവശ്യത്തിന് ഉദ്യോഗസ്ഥരുമായി സുസജ്ജമായിരിക്കണമെന്നും റാവു പറഞ്ഞു.

ചൂട് പ്രതിരോധിക്കുന്ന തൊപ്പിയോ കുടയോ വസ്ത്രങ്ങളോ ധരിച്ചല്ലാതെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാർ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. കുടിക്കാൻ ആവശ്യത്തിനു വെള്ളവും മറ്റു അവശ്യവസ്തുക്കളും കരുതണമെന്നും നിർദേശമുണ്ട്. കുടിവെള്ള ക്യാംപുകൾ നഗരത്തിലെ വിവിധയിടങ്ങളിൽ ആരംഭിക്കണമെന്ന് വിവിധ സന്നദ്ധസംഘടനകളോടും സർക്കാർ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :