അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (14:34 IST)
നീലഗിരിക്ക് സമീപം കൂനൂരില്‍ ഉണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തിൽ ഞെട്ടിതരിച്ച് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
അപകടത്തിൽ നാല് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ചില പ്രാദേശിക മാധ്യമങ്ങൾ അഞ്ച് മരണം സ്ഥിരീകരിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ പരിക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ച ശേഷം അപകടം സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കും. തുടർന്ന് അദ്ദേഹം സംഭവസ്ഥലത്തേക്ക് തിരിക്കും.
വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ജനവാസ മേഖലയോട് ചേർന്നാണ് ഈ മേഖല.
പ്രദേശത് പോലീസിന്റേയും സൈന്യത്തിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം അപകടത്തെ പറ്റി അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.