കുംഭമേളയുടെ താരമായി ‘ഗോള്‍ഡന്‍ സന്യാസി’

ഹരിദ്വാര്‍| Sajith| Last Modified തിങ്കള്‍, 18 ജനുവരി 2016 (16:30 IST)
കുംഭമേളയില്‍ തിളങ്ങി നിന്ന് സുവര്‍ണ്ണ ബാബ. ഗംഗാനദിയില്‍ സ്‌നാനം ചെയ്യാനായി തന്റെ അനുയായികള്‍ക്കൊപ്പം എത്തിയതായിരുന്നു സ്വര്‍ണ്ണാഭരണ വിഭൂഷിതനായ ബാബ. സാധാരണയായി ലളിത
ജീവിതം നയിക്കുന്ന ജുനാ അഖ്കാരയില്‍ നിന്നുള്ള സന്യാസിമാരും നാഗാസ് എന്ന സന്യാസിമാരുമൊക്കെയാണ് കുംഭമേളയില്‍ പങ്കെടുക്കാറുള്ളത്. പുണ്യ നദിയായ ഗംഗയില്‍ സ്‌നാനം ചെയ്ത് സകലപാപങ്ങളില്‍ നിന്നും മുക്തി നേടാമെന്ന വിശ്വാസത്തിലാണ് ആളുകള്‍ ഹരിദ്വാറില്‍ എത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം കുംഭമേളയില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായാണ് സുവര്‍ണ്ണ ബാബ എത്തിയത്.

മൂന്നു കോടി രൂപയോളം വിലമതിക്കുന്ന 15.5 കിലോഗ്രാം സ്വര്‍ണ്ണമാണ് സന്യാസി ധരിച്ചിരുന്നത്. തിളങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളും കൈപ്പട്ടകളും എല്ലാ വിരലുകളിലും വലിയ മോതിരങ്ങളും ഉണ്ടായിരുന്നു. ഇരുപത്തിയേഴു ലക്ഷത്തോളം വിലമതിക്കുന്ന വജ്രത്തിന്റെ വാച്ചും ധരിച്ചാണ് ബാബ സ്‌നാനത്തിനായി കടവിലെത്തിയത്. ഗോള്‍ഡന്‍ ബാബയിലായിരുന്നു അവിടുള്ള എല്ലാ കണ്ണുകളും.

സ്വര്‍ണ്ണാത്തിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സ്വര്‍ണ്ണത്തെ പോലെ തന്നെ വിലമതിക്കാന്‍ കഴിയാത്തതും അസാധാരണമായതുമായ ഒരു വ്യക്തിയാണ് തങ്ങളുടെ ബാബയെന്നും അതിനാല്‍ തന്നെ ആ വ്യക്തിത്വത്തിന് അനുയോജ്യമായതു കൊണ്ടാണ് സ്വര്‍ണ്ണം അണിയുന്നതെന്നും ശിഷ്യന്മാര്‍ പറഞ്ഞു.

മക്കാട് ദില്ലിയിലെ ഒരു വ്യാപാരിയായിരുന്നു സുധീര്‍ കുമാര്‍ എന്ന ഈ ബാബ. ബിസിനസുകാരനായിരുന്ന സമയത്ത് സംഭവിച്ച പല തെറ്റുകള്‍ക്കും പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടിയാണ് സന്യാസജീവിതത്തിലേക്ക് വന്നത്. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കാറുണ്ട്.
ആതുര സേവനത്തിനു വേണ്ടിയും കുറെയേറെ സമയം കണ്ടെത്താറുണ്ട് - ബാബ നിലപാട് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :