സിസ്റ്റർ അമലയുടെ കൊലപാതകം: കേരളാ പൊലീസ് ഹരിദ്വാറില്‍

 സിസ്റ്റർ അമലയുടെ കൊലപാതകം , സതീഷ് ബാബു , ഹരിദ്വാര്‍
ഹരിദ്വാര്‍| jibin| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (08:53 IST)
പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരള പോലീസ് സംഘം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തി. ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ ഹരിദ്വാറിലെത്തിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് ബാബുവിനെ ഹരിദ്വാര്‍ പോലീസ് അന്വേഷണ സംഘത്തിന് കൈമാറും. നിയമനടപടികള്‍ എത്രയും വേഗം നടപ്പാക്കിയശേഷം ഇന്ന് തന്നെ സതീഷ് ബാബുവിനെ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇപ്പോള്‍ ഹരിദ്വാര്‍ സ്റ്റോഷനില്‍ കസ്‌റ്റഡിയിലുളളയാള്‍ മുഖ്യപ്രതിയായ സതീഷ് തന്നെയോ എന്നു പൊലീസിന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതിയെ വെള്ളിയാഴ്ച കേരള പോലീസിനു കൈമാറുമെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച കസ്‌റ്റഡിയിലെടുത്തയാളിന്റെ ഫോട്ടോ ഉത്തരാഖണ്ഡ് പൊലീസ് കേരളാ പോലീസിനു വ്യാഴാഴ്ച നല്‍കിയിരുന്നു. ലഭിച്ച ഫോട്ടോയും സതീഷിന്റെ ലഭ്യമായ ചിത്രങ്ങളും തമ്മില്‍ സാമ്യം ഏറെയുണ്ട്. അതേസമയം, മുമ്പു കിട്ടിയ ഫോട്ടോകളെക്കാള്‍ പ്രായക്കുറവാണു പുതിയതില്‍ കാണുന്നത്.

ഹരിദ്വാറിലെ ഒരു ആശ്രമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സതീഷ് ബാബുവിനെ പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പഴ്‌സ് കളവുപോയെന്നു പറഞ്ഞ് രണ്ടു ദിവസം മുൻപാണ് ഇയാൾ ആശ്രമത്തിലെത്തിയത്.

ഇയാളെ സംബന്ധിച്ച വിവരങ്ങൾക്ക് ആശ്രമം അധികൃതർ സതീഷ് ബാബുവിന്റെ സഹോദരന് മൊബൈൽ വഴി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്ത സതീഷ് ബാബുവിന്റെ നമ്പര്‍ പിന്തുടര്‍ന്ന സൈബര്‍ സെല്ലാണ് ഉത്തരാഖണ്ഡ് പൊലീസിന് വിവരങ്ങളും ചിത്രവും കൈമാറിയത്.

അങ്ങനെയാണ് കേരള പോലീസിനു ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് സംഘം പ്രതിയുടെ ചിത്രങ്ങൾ ആശ്രമത്തിലേക്ക് അയച്ചു കൊടുത്തു. ചിത്രം പരിശോധിച്ച് സതീഷ് ബാബുവാണെന്ന് വ്യക്തമായ ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈ മാസം 17നാണ് 69കാരിയായ സിസ്റ്റർ അമലയെ മഠത്തിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :