പ്രവാസികൾക്കും ഇ-തപാൽ വോട്ട്; നിയമഭേദഗതിയുടെ പുരോഗതി അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

പ്രവാസികളെ എന്തുകൊണ്ട് ഒഴുവാക്കി?

ന്യൂഡൽഹി| aparna shaji| Last Modified ശനി, 19 നവം‌ബര്‍ 2016 (07:38 IST)
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി സുപ്രിംകോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങളിലെ പുരോഗതി കേന്ദ്രം സുപ്രിംകോടതി മുമ്പാകെ വിശദീകരിക്കണം.

വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇ-പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയാണ് പ്രവാസികള്‍ക്ക് വോട്ട് നല്‍കാനുള്ള വിധി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്. പ്രവാസികളെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വരുത്തിയ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ സൈനികർക്ക് അനുവദിച്ച മാതൃകയിൽ പ്രവാസികൾക്കും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
പ്രവാസി വ്യവസായിയായ ഡോ വി പി ഷംസീർ നൽകിയ അപേക്ഷ ഇന്നലെ സുപ്രിംകോടതി പരിഗണിക്കുകയായിരുന്നു.

പ്രവാസികള്‍ക്ക് വോട്ടവകാശത്തിനായി സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 21നാണ് ചട്ടം ഭേദഗതി ചെയ്ത് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ഷംസീര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഒരു കോടി പ്രവാസി വോട്ടർമാർക്കനുകൂലമായി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കോടതി നിർദ്ദേശം നൽകണമെന്നുമായിരുന്നു പുതിയ
അപേക്ഷയിലെ ആവശ്യം.

പ്രവാസികളുടെ കാര്യത്തില്‍ നിയമഭേദഗതിതന്നെ വേണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രവും അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിയുടെ പുരോഗതി അറിയിക്കാൻ സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :