aparna shaji|
Last Modified വെള്ളി, 18 നവംബര്‍ 2016 (08:27 IST)
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വരുത്തിയ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായി. വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇ-പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയാണ് പ്രവാസികള്‍ക്ക് വോട്ട് നല്‍കാനുള്ള വിധി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്. സൈനികർക്ക് അനുവദിച്ച മാതൃകയിൽ പ്രവാസികൾക്കും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
പ്രവാസി വ്യവസായിയായ ഡോ വി പി ഷംസീർ നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന്
പരിഗണിക്കും.
പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കാധാരമായ ഹർജി നല്‍കിയ ശംസീര്‍ വയലിലാണ് പുതിയ അപേക്ഷയുമായി സുപ്രീംകോടതിയിലത്തെിയത്. പ്രവാസികള്‍ക്ക് വോട്ടവകാശത്തിനായി സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 21നാണ് ചട്ടം ഭേദഗതി ചെയ്ത് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ഷംസീര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പുറത്തുനിന്ന് ഇ-പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ആം ചട്ടം കേന്ദ്ര സര്‍ക്കാര്‍
ഭേദഗതി ചെയ്തു. എന്നാല്‍ ഇ-പോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ഭേദഗതിയില്‍ പ്രത്യേകം വ്യക്തമാക്കി. ഇതോടെ പ്രവാസി വോട്ടര്‍മാര്‍ ഒന്നാകെ പുറത്താകുകയും പ്രവാസി വോട്ട് എന്ന സുപ്രീംകോടതി നിര്‍ദേശം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായും ഷംസീർ ബോധിപ്പിച്ചു.
ഇത് ദൗർഭാഗ്യകരമാണെന്നും ഒരു കോടി പ്രവാസി വോട്ടർമാർക്കനുകൂലമായി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കോടതി നിർദ്ദേശം നൽകണമെന്നുമാണ് പുതിയ
അപേക്ഷയിലെ ആവശ്യം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 60 (സി) വകുപ്പിന് കീഴില്‍ വിജ്ഞാപനമിറക്കി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നും ഷംസീര്‍ അപേക്ഷയില്‍ ബോധിപ്പിച്ചു.