കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിക്കെതിരെ മാര്‍ക്ക് ഷീറ്റ് തട്ടിപ്പ് ആരോപണം

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (11:03 IST)
കേന്ദ്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റ രാം ശങ്കര്‍ കട്ടാരിയ മാര്‍ക്ക് ഷീറ്റ് തട്ടിപ്പ് ആരോപണത്തില്‍. ആഗ്ര സര്‍വകലാശാലയില്‍ അധ്യാപക ജോലി നേടുന്നതിനായി കട്ടാരിയ ബിരുദത്തിന്റെയും ബിരുദാനന്തര ബിരുദത്തിന്റെയും മാര്‍ക്ക് പട്ടിക വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ച നടന്ന പുന:സംഘടനയിലാണ് രാം ശങ്കര്‍ കട്ടാരിയ കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റത്.

അതേ സമയം ആരോപണം തനിക്കെതിരേയുള്ള ഗൂഡാലോചനയാണെന്നാണ് കട്ടാരിയ പറയുന്നത്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തന്റെ എതിരാളിയായി മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ഥി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതാണെന്നുമായിരുന്നു കട്ടാരിയയുടെ പ്രതികരണം. മായാവതിയുടെ യു പി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നുവെന്നും കട്ടാരിയ പറയുന്നു.

അറ്റ്ജേ സമയം കട്ടാരിയയുടെ വാദങ്ങളുടെ മുന ഒടിക്കുന്ന റിപ്പോര്‍ട്ടുകള്‍ എന്‍ഡി ടിവി പുറത്തുവിട്ടു. ബി.എ രണ്ടാം വര്‍ഷത്തില്‍ ഹിന്ദിക്ക് 43 മാര്‍ക്കും ഇംഗ്ലീഷിന് 42 മാര്‍ക്കുമാണ് കട്ടാരിയക്ക് ലഭിച്ചത്. എന്നാല്‍ വ്യാജമായി നിര്‍മ്മിച്ച മാര്‍ക്ക് ഷീറ്റില്‍ ഇത് യഥാക്രമം 53 ഉം 52 ഉമായാണുള്ളതെന്നാണ് ആരോപണം. ആര്‍ട്‌സില്‍ ബിരുദാനന്ദര ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തെ മാര്‍ക്ക് ഷീറ്റും ഇതേ പോലെ വ്യാജമായി നിര്‍മ്മിച്ചതായി മറ്റൊരു ആരോപണവും നേരിടുന്നുണ്ട്. പ്രിന്‍സിപ്പിള്‍സ് ഓഫ് ലിറ്റററി ലേണിങ്ങ് വിഷയത്തില്‍ 38 മാര്‍ക്കുണ്ടായിരുന്ന സ്ഥാനത്ത് 72 മാര്‍ക്ക് രേഖപ്പെടുത്തിയാണ് മറ്റൊരു മാര്‍ക്ക് ഷീറ്റുണ്ടാക്കിയത്.

നേരത്ത മാനവശേഷി വകുപ്പ് കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയും വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ വിവാദത്തിലായിരുന്നു. അതിനു പിന്നാലെ മറ്റൊരു മന്ത്രികൂടി സമാനമായ ആരോപണം നേരിടുന്നത് മോഡി സര്‍ക്കാരിന് ക്ഷീണമായി. എന്നാല്‍ കട്ടാരിയയ്ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരങ്ങളാണെന്നാണ് സൂചന. ഇന്ത്യന്‍ ശിക്ഷാ നിയമം 420 അനുസരിച്ചുള്ള കുറ്റങ്ങളാണ് പ്രഫസര്‍ കട്ടാരിയ നേരിടുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇതുസംബന്ധിച്ച കേസ് ഈ മാസം 26ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. കട്ടാരിയക്കെതിരെ മത്സരിച്ച ബി.എസ്.പി സ്ഥാനാര്‍ഥിയാണ് പരാതിക്കാരന്‍. 2010 ല്‍ നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി ആഗ്രയിലെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ആഗ്ര സെഷന്‍സ് കോടതിയാണ് കേസ് 26ന് പരിഗണിക്കുക. കൊലപാതക ശ്രമമുള്‍പ്പടെ 27 ഓളം കേസുകളാണ് കട്ടാരിയക്കെതിരെയുള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :