തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 5 നവംബര്‍ 2014 (18:34 IST)
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള പതിനഞ്ചിന ശുപാര്‍ശകള്‍ കേരളം തയാറാക്കി. മോണോ റെയില്‍, മാസ്റ്റര്‍പ്ലാന്‍, കേന്ദ്ര സഹായം, വനഭൂമി, തുടങ്ങിയ കാര്യങ്ങളിലായി 15 നിര്‍ദ്ദേശങ്ങളാണ് കേരളം തയ്യാറാക്കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ കെരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കുക,
പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ടസ് കമ്മിറ്റി ശുപാര്‍ശ ചെയ്തതുപോലെ, സന്നിധാനം-പമ്പ മേഖലകളില്‍ 500 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും വേര്‍പെടുത്തി നല്‍കുക, നിലയ്ക്കല്‍, പൂര്‍ണ്ണമായും ബേസ് ക്യാമ്പാക്കി മാറ്റുന്നതിന് 400 ഹെക്ടര്‍ ഭൂമിയും സാമ്പത്തിക സഹായവും നല്‍കുക ശബരിമല മാസ്റ്റര്‍ പ്ളാന്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് 1250 കോടി രൂപ അനുവദിക്കുക, പമ്പ നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള, ആക്ഷന്‍പ്ളാനിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കുക,
നിലയ്ക്കല്‍-പമ്പ മോണോറെയില്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ അടിസ്ഥാന വികസന ആവശ്യങ്ങള്‍ നിര്‍ദ്ദേശത്തിലുണ്ട്.
കൂടാതെ, സുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പില്‍ഗ്രിം റെജുനറേഷന്‍ സ്പിരിച്വല്‍ ഓഗ്മെന്റേഷന്‍ ആന്റ് ഡവലപ്മെന്റ് പദ്ധതിയില്‍ ശബരിമലയെക്കൂടി ഉള്‍പ്പെടുത്തുക, പില്‍ഗ്രിം ടൂറിസത്തില്‍ ശബരിമലയെ ഉള്‍പ്പെടുത്തി നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ധനസഹായം നല്‍കുക, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ഉള്‍പ്പെടുത്തി ശബരിമലയുടെ സുരക്ഷാ സംവിധാനത്തിന് പദ്ധതി തയ്യാറാക്കുക, ശബരിമലയില്‍ യു.ജി /എ.ബി.സി കേബിള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കാന്‍ സഹായം അനുവദിക്കുക, ശബരിമല തീര്‍ത്ഥാടകര്‍ക്കായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുക, അനുബന്ധ റോഡുകളുടെയും ഇടത്താവളങ്ങളുടെയും നിര്‍മ്മാണത്തിന് 750 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുക,
ശബരി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുക, കുന്നാര്‍ ഡാം വിപുലീകരണ പദ്ധതി നടപ്പിലാക്കി, ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുവാന്‍ ധനസഹായം അനുവദിക്കുക, നിലയ്ക്കലില്‍ വേദ-താന്ത്രിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ സഹായിക്കുക തുടങ്ങിയവയാണവ.
ശുപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതി റിപ്പോര്‍ട്ട് സംബന്ധിച്ച് ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ എത്തിയത്. എല്ലാ സംസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും കേരളത്തില്‍ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളുമായി ഇവയെ ബന്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. നിലയ്ക്കല്‍ ബേസ് ക്യാംപില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്നത് ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണ നടപടികളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നീങ്ങാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.