ശുചീകരണ യജ്ഞം ഓണ്‍ലൈനിലേക്കും, അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (08:58 IST)
ഇന്ത്യയില്‍ അശ്ലീലവെബ്സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയായി ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോടു ഇത്തരം സൈറ്റുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. ടെലികോം ആന്‍ഡ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

വിദേശരാജ്യങ്ങളില്‍ അശ്ലീല സൈറ്റുകള്‍ നിയമവിധേയമാണെങ്കിലും ഭാരതീയ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും ഇവ എതിരാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീല സൈറ്റുകളെന്നും അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നല്‍കരുതെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ കൈമാറും.

ഏതാണ്ട് നാല് കോടി അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ കണക്ക്. ഇവയില്‍ ഭൂരിപക്ഷവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നിരോധനമോ, അവ ബ്ലോക്ക് ചെയ്യുന്നതോ എളുപ്പമല്ല. എന്നാല്‍, ചൈന പോലുള്ള രാജ്യങ്ങളില്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്. അവിടെ ഇന്റര്‍നെറ്റ് ഉള്ളടക്കം പരിശോധിക്കാനുള്ള കേന്ദ്രീകൃത സംവിധാനമുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനമില്ലാത്തതിനാല്‍ ഇവ നിയന്ത്രിക്കുന്നതിനൊ നിരീക്ഷിക്കുന്നതിനൊ സാധിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. ഇബ നിരോധിക്കുകയി ബ്ലോക്ക് ചെയ്യുകയോ ചെയ്താല്‍ പുതിയ പേരില്‍ ഇവ് അവീണ്ടും ആരംഭിക്കാനും സാധ്യതയുണ്ട്. പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായുള്ള നടപടി മൂലം ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒട്ടേറെ സൈറ്റുകള്‍ കൂട്ടത്തോടെ ബ്‌ളോക്ക് ചെയ്യുന്നത് വഴി ഇന്റര്‍നെറ്റ് വേഗം കുറയുന്നത് തടയാന്‍ ശേഷി വര്‍ധിപ്പിക്കാനും സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി കഴിഞ്ഞ ആഗസ്തില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍, അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നത്. ഏതു തിയതി മുതലാണ് സൈറ്റുകള്‍ക്കു നിയന്ത്രണമെന്നു വ്യക്തമാക്കിയിട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :