റിയൽ എസ്റ്റേറ്റിൽ 30000 കോടി, ദുബായിൽ ഇന്ത്യ തിളങ്ങുന്നു !

ദുബായ്| Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (11:25 IST)
ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വെന്നിക്കൊടി പാറിക്കുകയാണ്. കഴിഞ്ഞ വർഷം 30000 കോടി രൂപയുടെ നിക്ഷേപം പ്രോപ്പർട്ടി മേഖലയിൽ നടത്തി ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയിരിക്കുന്നു.

കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങൾ ദുബായിൽ പ്രോപ്പർട്ടി മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അതിന്റെ നാലിലൊന്നിൽ കൂടുതൽ ഇന്ത്യയിൽ നിന്നാണ് എന്നതാണ് പ്രത്യേകത. വരും വർഷങ്ങളിൽ ഇതിലും വലിയ മുന്നേറ്റത്തിന് ദുബായ് മണ്ണ് ഉപയോഗപ്പെടുത്താനാണ് ഇന്ത്യൻ ബിസിനസ് രാജാക്കന്മാർ തീരുമാനിച്ചിരിക്കുന്നത്.

2014ലെ ഈ കണക്കുകൾ ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്റാണ് പുറത്തുവിട്ടത്. ഈ വർഷത്തെ കണക്കുകളും ഇന്ത്യയ്ക്ക് അഭിമാനം പകരുന്നതാണ്. ഈ വർഷം ആദ്യപകുതിയിൽ 3017 ഇടപാടുകളിലായി 13000 കോടി രൂപയുടെ നിക്ഷേപമാണ് ദുബായിൽ ഇന്ത്യ നടത്തിയിരിക്കുന്നത്. മറ്റ്‌ 123 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതേ കാലയളവിൽ റിയൽ എസ്റ്റേറ്റിൽ മുടക്കിയത് 42400 കോടി രൂപ മാത്രം.

ദുബായിൽ ഏറ്റവും വിശ്വസിക്കാവുന്നതും മികച്ചതുമായ സേവനം ഇന്ത്യൻ ബിസിനസ് ഗ്രൂപ്പുകളാണ് നടത്തുന്നത്. താരതമ്യേന വളരെ കുറഞ്ഞ വിലയ്ക്ക് വില്ലകളും അപ്പാർട്ടുമെന്റുകളും ഇന്ത്യൻ കമ്പനികൾ നൽകുന്നു. 2008ലെ
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ദുബായ് ഉപേക്ഷിച്ച് റഷ്യൻ വ്യവസായ ഭീമന്മാർ തോറ്റോടിയപ്പോഴാണ് റിയൽ എസ്റ്റേറ്റുമേഖലയിൽ ഇന്ത്യൻ വസന്തത്തിന് ദുബായിൽ തുടക്കമാകുന്നത്.

ഈ വർഷം ഇന്ത്യൻ കമ്പനികളെ കൂടാതെ ബ്രിട്ടീഷ്, പാകിസ്ഥാനി കമ്പനികളാണ് ദുബായിലെ പ്രോപ്പർട്ടി ബിസിനസിൽ കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്. 62 ലക്ഷം രൂപ മുതൽ രണ്ടരക്കോടി രൂപ വരെയാണ് ദുബായിൽ ഇപ്പോൾ അപ്പാർട്ടുമെന്റിനും വില്ലകൾക്കുമൊക്കെ വില. ഇത് ഇന്ത്യയിലെ ചില മെട്രോ നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ കമ്പനികൾ പ്രോപ്പർട്ടി ബിസിനസ് മേഖലയിൽ രാജാക്കന്മാരായി മാറിയതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :